Skip to main content

അക്ഷര മധുരം പകർന്ന് കഥകാരൻ; കളിചിരികളുമായി കുരുന്നുകളും

 

 

തലയിൽ അക്ഷരത്തൊപ്പി വച്ചുതന്ന് കൈയിൽ വർണക്കുടയും വൃക്ഷത്തൈയും സമ്മാനിച്ച് ചേർത്തു പിടിച്ച മുത്തച്ഛനെ നോക്കി സാമിലും ആത്മീയയും നിറഞ്ഞു ചിരിച്ചു. അറിവിന്റെ പുതുലോകത്തെത്തിയ കൊച്ചു കുട്ടികളുടെ ആരവങ്ങൾക്കിടയിൽ മുത്തച്ഛനായെത്തി സമ്മാനം നൽകിയത് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ടി പത്മനാഭൻ. പ്രായത്തിന്റെ അവശതകളെ മറന്ന് വേദിയിലെത്തിയ അദ്ദേഹം കുട്ടികൾക്കായി ബാലാമണിയമ്മയുടെ കവിതയും ചൊല്ലിക്കൊടുത്തു. അക്ഷരദീപം തെളിയിച്ചു.

കൊവിഡിന്റെ മടുപ്പിക്കുന്ന രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇക്കുറി ജില്ലാതല പ്രവേശനോത്സവം പൊലിമയോടെ നടക്കുന്നത്. അക്ഷരത്തൊപ്പികളും വർണക്കുടകളും ക്രയോണുകളും ബലൂണുകളും പാൽപ്പായസവും നൽകിയാണ് അധ്യാപകരും എസ്പിസി വിദ്യാർഥികളും ചേർന്ന് നവാഗതരെ വരവേറ്റത്. 

അങ്കലാപ്പേതുമില്ലാതെയാണ് മിക്ക കുട്ടികളും പുതിയ ക്ലാസിലിരുന്നത്. ആശംസാ കാർഡുകളും മിഠായികളും കടലാസു പൂക്കളും കൈയിലെത്തിയപ്പോൾ ആവേശം ഇരട്ടിയായി. കടലാസു പൂമ്പാറ്റകളും വർണബലൂണുകളും തോരണങ്ങളായി. 

ചെണ്ടമേളത്തിന്റെയും പൂരത്തിന്റെയും വർണച്ചിത്രങ്ങൾക്കൊപ്പം തങ്ങളുടെ കൂട്ടുകാരായ മുയലും തവളയും കാർട്ടൂൺ ചിത്രങ്ങളും ഒക്കെ ഇടപിടിച്ച ചുമരുകൾ. ഉത്സവാന്തരീക്ഷത്തിൽ അവർ സ്വയം മറന്നു.

എങ്കിലും മാസ്‌ക് മാറ്റരുതെന്ന നിർദേശം പൂർണമായും ഉൾക്കൊണ്ട് മാസ്‌ക് മാറ്റാതെ ചെവിയിൽ സ്വകാര്യം പറഞ്ഞും ചേർത്തു പിടിച്ചും അവർ ആദ്യദിനത്തെ വരവേറ്റു. അടച്ചിടലിന്റെ കെട്ടുപാടുകളില്ലാത്ത കളിച്ചും ചിരിച്ചും ഒപ്പം പഠിച്ചും മുന്നേറാനുള്ള ഒരു പുത്തൻ അധ്യയന വർഷം സ്വപ്നം കണ്ടുകൊണ്ട്.

date