Skip to main content

ഉത്സവാന്തരീക്ഷത്തില്‍ സ്‌കൂളുകളില്‍ പ്രവേശനോത്സവം ജില്ലാതല പ്രവേശനോത്സവം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ രണ്ടു വര്‍ഷം മുടങ്ങിയ സ്‌കൂള്‍ പ്രവേശനോത്സവം ഇത്തവണ വര്‍ധിത ആവേശത്തോടെ. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഉത്സവാന്തരീക്ഷത്തിലായിരുന്നു ഇന്നലെ (ജൂണ്‍ ഒന്ന്- ബുധന്‍) പ്രവേശനോത്സവം നടന്നത്. രാവിലെ തന്നെ പുത്തനുടുപ്പും പുത്തന്‍ കുടകളും പുസ്തകങ്ങളുമായി കുരുന്നുകള്‍ വിദ്യാലയ മുറ്റത്തെത്തിയപ്പോള്‍ വര്‍ണശബളമായ വരവേല്‍പ്പാണ് അധ്യാപകരും രക്ഷിതാക്കളും പി.ടി.എയും ചേര്‍ന്ന് നല്‍കിയത്. കാലവര്‍ഷത്തിനിടയിലും പൊതുവെ മഴ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷം പ്രവേശനോത്സവങ്ങളെ മനോഹരമാക്കി. പുതിയ പ്രതീക്ഷകളുമായി എത്തിയ കുന്നുകള്‍ക്ക് വര്‍ണാഭമായ വിദ്യാലയാന്തരീക്ഷം മധുരാനുഭവമായി. ഉത്സവഭരിതമായ പ്രവേശനോത്സവം അനുഭവിക്കാത്ത കഴിഞ്ഞ രണ്ടു വര്‍ഷത്തെ തുടക്കക്കാരും ഇത്തവണ നന്നായി ആസ്വദിച്ചു.

ജില്ലാതല പ്രവേശനോത്സവം കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ടി സിദ്ദിഖ് എംഎല്‍എ അധ്യക്ഷനായി. രാഹുല്‍ ഗാന്ധി എം.പി സന്ദേശം അയച്ചു നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ സ്‌കോളര്‍ഷിപ്പ് ജേതാക്കളെയും ജില്ലാ കളക്ടര്‍ എ.ഗീത അവാര്‍ഡ് ജേത്രി നര്‍ഗീസ് ബീഗത്തെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ സ്‌കൂള്‍ ഡയറി പ്രകാശനവും മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടന്‍ പഠനകിറ്റ് വിതരണവും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മേരി സിറിയക് ത്രിഭാഷ ഫലക അനാച്ഛാദനവും നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രിക കൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീദേവി ബാബു, ബിന്ദു മോഹന്‍, ഗായിക അനുശ്രീ അനില്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശി പ്രഭ കെ., പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ഡി.ഇഒ എ.ആര്‍ സുധര്‍മ്മ, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ അനില്‍ കുമാര്‍ വി., സി. മുഹമ്മദലി (കൈറ്റ്), ഹെഡ്മാസ്റ്റര്‍ എം.സുനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് റിയാസ് എന്‍., എസ്.എം.സി ചെയര്‍മാന്‍ സുദേവന്‍ എം.കെ, മുന്‍ പ്രിന്‍സിപ്പല്‍ കെ. പ്രസന്ന, പി.ടി.എ പ്രസിഡന്റ് എന്‍.റിയാസ് എന്നിവര്‍ സംസാരിച്ചു.

(ഫോട്ടോ)

  
ബ്ലോക്ക്/ ഉപജില്ലാതല പ്രവേശനോത്സവങ്ങള്‍

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്/ഉപജില്ലാതല പ്രവേശനോത്സവം മീനങ്ങാടി എല്‍.പി സ്‌കൂളില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ എല്ലാ ഒന്നാം ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ്‌റൂമുകളാക്കുന്നതിന്റെ ഭാഗമായി ഓരോ കുട്ടിക്കും ഒരു മേശ, കസേര എന്നിവ നല്‍കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനവും ചടങ്ങില്‍ നടത്തി.
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ രാജേന്ദ്രന്‍, സ്‌കൂള്‍ പ്രധാനധ്യാപിക വി.മീനാക്ഷി, ബി.പി.സി ടി.രാജന്‍, വാര്‍ഡ് മെമ്പര്‍ ടി.പി ഷിജു, ലിസി പൗലോസ്, ശ്രീജ സുരേഷ്, മുന്‍ പ്രധാന അദ്ധ്യാപിക പി.ജി മേഴ്‌സി, പി.ടി.എ പ്രസിഡന്റ് സി.ആര്‍ ഷിജു, മദര്‍ പി.ടി.എ പ്രസിഡന്റ് ജെയ്ഷ മനോജ് എന്നിവര്‍ സംസാരിച്ചു.

മാനന്തവാടി ഉപജില്ലാതല പ്രവേശനോത്സവം തലപ്പുഴ ഗവ: യു പി സ്‌കൂളില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. വാദ്യാഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ്  നവാഗതരെ വിദ്യാലയത്തിലേക്ക് വരവേറ്റത്. പൊതുസമ്മേളനം ഒ.ആര്‍ കേളു എം.എല്‍ എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ്  എല്‍സി ജോയി മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ക്കുള്ള  പഠനോപകരണങ്ങളുടെയും പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും പ്രീ പ്രൈമറി ടോയ്‌സിന്റെയും വിതരണം ചടങ്ങില്‍ നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷിരാമന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അസിസ് വാളാട്, വാര്‍ഡ് മെമ്പര്‍മാരായ പി.എസ് മുരുകേശന്‍, ജോസ് പാറക്കല്‍, ടി.കെ ഗോപി, മാനന്തവാടി എ ഇ.ഒ  എം. എം ഗണേഷ്, ബി പി.സി കെ അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ കെ.ജി ജോണ്‍സന്‍, പിടിഎ പ്രസിഡന്റ് പി.ബി സിനു, എംപിടിഎ പ്രസിഡന്റ് സാജിത മുസ്തഫ, കെ.വി സനില്‍കുമാര്‍, ജെ. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈത്തിരി ഉപജില്ലാതല പ്രവേശനോത്സവം ചെന്നലോട് ഗവ.യു.പി സ്‌കൂളില്‍  തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് സൂന നവീന്‍ അധ്യക്ഷയായി. അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനം തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീന്‍ നിര്‍വ്വഹിച്ചു എല്‍.പി, യു.പി പാഠപുസ്തക വിതരോണാദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഷീജ ആന്റണിയും പ്രീ പ്രൈമറി പ്രൈമറി പാഠപുസ്തക വിതരോണാദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ബഷീര്‍ കണിയാങ്കണ്ടിയും നിര്‍വ്വഹിച്ചു. യൂണിഫോം വിതരണോദ്ഘാടനം ഡയറ്റ് ഫാക്കല്‍റ്റി സീനിയര്‍ ലക്ചര്‍ റഷീദ് കിളിയായിലും അഡാപ്റ്റഡ് ടോയ്‌ലറ്റ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ പുഷ്പയും നിര്‍വ്വഹിച്ചു. വൈത്തിരി ബി.ആര്‍.സി, ബി.പി.ഒ എ.കെ ഷിബു, വൈത്തിരി എ.ഇ.ഒ, പി.ടി.എ വൈസ് പ്രസിഡണ്ട് വി. ബിനു, എം.പി.ടി.എ പ്രസിഡണ്ട് കെ ഹബീബ, ബി.ആര്‍.സി ട്രെയിനര്‍, എച്ച്.എം കെ.ജയരത്‌നം തുടങ്ങിയവര്‍ സംസാരിച്ചു.

(ഫോട്ടോ)

കുട്ടികള്‍ കളിച്ച് പഠിക്കുകയും പഠിച്ച് കളിക്കുകയും വേണം- മന്ത്രി എ.കെ ശശീന്ദ്രന്‍

കുട്ടികള്‍ കളിച്ചാണ് പഠിക്കേണ്ടതെന്നും പഠിച്ചാണ് കളിക്കേണ്ടതെന്നും സര്‍വ്വ മേഖലയിലും വിജയം കൈവരിക്കുന്നതിന് ഇതാവശ്യമാണെന്നും വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടി. സിദ്ദിഖ് എം.എല്‍എ അധ്യക്ഷത വഹിച്ചു.

ജോലിക്കു വേണ്ടി മാത്രം പഠിക്കുന്ന രീതി മാറണമെന്നും അറിവു നേടുകയെന്ന പഠനത്തിന്റെ യഥാര്‍ഥ ലക്ഷ്യം ജീവിതത്തിന്റെ സമഗ്ര വളര്‍ച്ചക്കും നാടിന്റെ ഉയര്‍ച്ചക്കും സഹായകരമാകണമെന്നും മന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ അക്കാദമിക വിഷയങ്ങളും നാളെയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാകണം. കുട്ടികളെ സ്വതന്ത്രരായി വിട്ട് പഠിക്കാന്‍ അനുവദിക്കണം. കൂട്ടിലിട്ട തത്തയെ പോലെ വളര്‍ത്തിയാല്‍ കുട്ടികള്‍ നന്നാവുമെന്നത് തെറ്റായ ധാരണയാണ്. എന്നുവെച്ചാല്‍ തോന്നിയ പോലെ വളര്‍ത്തണം എന്നല്ല. അവര്‍ കലഹിച്ചും ഇണങ്ങിയും പിണങ്ങിയും പഠിക്കട്ടെ. സ്‌കൂളുകളില്‍ കുട്ടികള്‍ തമ്മിലുള്ള നിസാര പിണക്കങ്ങള്‍ രക്ഷിതാക്കള്‍ തമ്മില്‍ ഇടപെട്ട് വഷളാക്കുന്ന സാഹചര്യം ഉണ്ടാകരുത്. സ്‌നേഹപൂര്‍ണമായ ഉപദേശമാണ് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. മന്ത്രി പറഞ്ഞു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ബാന്‍ഡ് മേളം,  വിദ്യാര്‍ഥികളുടെ ഡിസ്പ്ലേ, ഗോത്രനൃത്തം, ഫ്ലാഷ് മോബ്, സാംസ്‌കാരിക കലാരൂപങ്ങള്‍ എന്നിവ മന്ത്രി വീക്ഷിക്കുകയും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

date