Skip to main content

ജില്ലാതല സ്കൂൾ പ്രവേശനോത്സവം വർണാഭമായി

 

 

 

മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു

പല നിറത്തിലുള്ള ബലൂണുകളും റിബ്ബണുകളുമായി അലങ്കരിച്ച വർണാഭമായ സ്കൂൾ മുറ്റം. മൈലാഞ്ചിച്ചുവപ്പണിഞ്ഞ കുഞ്ഞിക്കൈകളുമായി ഒപ്പന കളിച്ചും, കളരിപ്പയറ്റിന്റെ ചുവടുകൾ വെച്ചും, താളത്തിൽ ദഫ് മുട്ടിയും, കോൽക്കളി കളിച്ചും രസിക്കുന്ന കുരുന്നുകൾ. കളിചിരികളും കൊഞ്ചലുകളുമായി മാതാപിതാക്കളോടൊപ്പം സ്കൂളിലെത്തുന്ന കുരുന്നുകളെ മധുരം നൽകി വരവേൽക്കുന്ന അധ്യാപകർ. ചിത്രശലഭങ്ങളായും, വർണ്ണപ്പൂക്കളായും കുഞ്ഞുങ്ങൾ നിരന്നപ്പോൾ സ്കൂൾ അങ്കണം ഉത്സവലഹരിയിലായി. കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ പ്രവേശനോത്സവം നടന്ന ഗവ. എൽ.പി സ്കൂൾ കച്ചേരിക്കുന്നിലെ കാഴ്ചകളാണിത്. പ്രവേശനോത്സവം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

പാഠപുസ്തകങ്ങളിൽ നിന്നും നേടുന്നതു മാത്രമല്ല, കളിയും ചിരിയും വായനയും നിരീക്ഷണവുമെല്ലാം ചേർന്നതാവണം വിദ്യാഭ്യാസമെന്ന് മന്ത്രി പറഞ്ഞു. ക്ലാസ് മുറികൾക്കപ്പുറമുള്ള അറിവുകൾ കുട്ടികളിലേക്ക് പകരാൻ അധ്യാപകർ ശ്രമിക്കണം. വിദ്യാർത്ഥികൾക്ക് ഒരു പുതിയ അധ്യയനവർഷം ആശംസിച്ച മന്ത്രി മറ്റുള്ളവരുടെ പ്രയാസങ്ങളെ മനസ്സിലാക്കി അവർക്ക് താങ്ങാവുന്ന, ആരെയും ബോധപൂർവ്വം വേദനിപ്പിക്കാത്ത ഒരു നല്ല മനുഷ്യനാവാനും തെറ്റ് കണ്ടാൽ അത് തെറ്റാണെന്ന് തിരിച്ചറിയുന്ന യുക്തി നേടാനും വിദ്യാഭ്യാസം സഹായിക്കട്ടെയെന്നും ആശംസിച്ചു. 

ചടങ്ങിൽ തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനായി. പരസ്‌പര സ്നേഹവും സാഹോദര്യവും ദേശസ്നേഹവുമുള്ള ഒരു തലമുറയുടെ സൃഷ്ടിപ്പാണ് കേരളത്തിലെ ഓരോ പൊതുവിദ്യാലയങ്ങളുടെയും ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിശിഷ്ടാതിഥിയായിരുന്നു. കോഴിക്കോട് കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. രേഖ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിമല, വാർഡ് കൗൺസിലർമാരായ ഓമന മധു, ഈസ അഹമ്മദ്, ഡി.ഐ.ഇ.ടി. കോഴിക്കോട് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ, മുൻ ഡി.ഡി.ഇ. ആന്റ് കരിക്കുലം കമ്മിറ്റി മെമ്പർ വി.പി. മിനി, കോഴിക്കോട് സിറ്റി എ.ഇ.ഒ. എം. ജയകൃഷ്ണൻ, ബി.പി.സി.യു.ആർ.സി. സൗത്ത് വി. പ്രവീൺ കുമാർ, പി.ടി.എ. പ്രസിഡന്റ് എൻ. പ്രസാദ്, എസ്.എം.സി ചെയർമാൻ കെ. സുധേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എസ്.എസ്.കെ. ജില്ലാ കോ- ഓർഡിനേറ്റർ ഡോ. എ.കെ. അബ്ദുൾ ഹക്കീം സ്വാഗതവും ഹെഡ്മാസ്റ്റർ കെ.കെ. സൈനുദ്ദീൻ നന്ദിയും പറഞ്ഞു.

date