Skip to main content

സാധാരണക്കാരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന വികസന സമീപനമാണ് സർക്കാരിന്റേത്- മന്ത്രി എ.കെ. ശശീന്ദ്രൻ

 

 

 

പുതിയാപ്പ കുടുംബാരോ​ഗ്യകേന്ദ്രത്തിന് പുതിയ ബ്ലോക്ക്

സാധാരണക്കാരുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന വികസന സമീപനമാണ് സർക്കാരിന്റേതെന്ന് വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ. വികസനത്തിലൂടെ ജനക്ഷേമം, ജനക്ഷേമത്തിലൂടെ വികസനം എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. പുതിയാപ്പ കുടുംബാരോ​ഗ്യകേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശത്തെ ജനങ്ങളുടെ സൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ 'മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും' എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയാപ്പ കുടുംബാരോ​ഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കുന്നത്. തീരദേശ വികസന കോർപ്പറേഷൻ മുഖേന 1.38 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്.

പദ്ധതിയിൽ ഉൾപ്പെടുത്തി 357.84 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വെയ്റ്റിങ് ഏരിയ, ഹെൽത്ത് ഇൻസ്പെകടറുടെ ഓഫീസ്, ഇമ്മ്യൂണൈസേഷൻ മുറി, നഴ്സുമാരുടെ മുറി, വാക്സിൻ മുറി, സ്റ്റോറുകൾ, സർവീസ് റൂം, ശുചിമുറി എന്നിവയുണ്ടാകും. മുകളിലത്തെ നിലയിൽ നഴ്സുമാരുടെ മുറി, ഹാൾ, ശുചിമുറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ആശുപത്രിക്കാവശ്യമായ ഫർണിച്ചറുകളും പദ്ധതിയിലുൾപ്പെടുത്തി സജ്ജമാക്കും.

ചടങ്ങിൽ മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോർപ്പറേഷൻ റീജ്യണൽ മാനേജർ അബ്ദുൽ മജീദ് പോത്തന്നൂരാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഡോ. ജയശ്രീ, ഒ.പി. ഷിജിന, കൗൺസിലർമാരായ വി.കെ. മോഹൻദാസ്, വി.പി. മനോജ്, ഇ.പി. സഫീന, എസ്.എം. തുഷാര, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ.എ നീതു സ്വാ​ഗതവും ഹെൽത്ത് ഇൻസ്പെക്ടർ സുനീഷ് ജോർജ് നന്ദിയും പറഞ്ഞു.

date