Skip to main content

ആവേശമായി പഞ്ചായത്തുതല പ്രവേശനോത്സവം

 

 

 

മണലിലെഴുതി അക്ഷര വെളിച്ചത്തിലേക്ക് കടന്ന് കൊയിലാണ്ടി ജി.എഫ്.യു.പി സ്കൂളിലെ പ്രവേശനോത്സവം ആഘോഷപൂർവ്വം കൊണ്ടാടി. ഒന്നാം ക്ലാസിൽ എത്തിയ നവാഗതരെ അദ്ധ്യാപകരും, രക്ഷിതാക്കളും സീനിയർ വിദ്യാർത്ഥികളും മണലിൽ ആദ്യാക്ഷരം എഴുതിച്ചാണ് വരവേറ്റത്. ഒപ്പം സമ്മാനപ്പൊതികളും നൽകി. 

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശെൽവരാജ് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ വി.കെ. സുധാകരൻ, വൈശാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കവിയും എഴുത്തുകാരനുമായ ശ്രീജിത്ത് ശ്രീവികാർ, സംഗീത അധ്യാപികമാരായ ഡോ. ദീപ്ന, സുസ്മിത ഗിരീഷ്, അവതാരികമാരായ അശ്വതി ബാലകൃഷ്ണൻ, അഥീന ബാബു, ഗായകൻ സുമേഷ് അത്തോളി എന്നിവർ വിവിധയിടങ്ങളിൽ നിന്ന് ഓൺലൈനായി ആഘോഷത്തിൽ പങ്കുചേർന്നു. പ്രധാനാധ്യാപകൻ സുരേഷ്കുമാർ സ്വാഗതവും സീനിയർ അധ്യാപിക യു. ഷമീന നന്ദിയും പറഞ്ഞു. തുടൻന്ന് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ചെണ്ടവാദ്യം ശ്രദ്ധേയമായി.

വേളം പഞ്ചായത്തിലെ പഞ്ചായത്ത്‌തല സ്കൂൾ പ്രവേശനോത്സവം ഗവ. അറമ്പോൽ എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.സി. മുജീബ് റഹ്മാൻ അധ്യക്ഷനായി. പഞ്ചായത്ത് അം​ഗം ഫാത്തിമ കുട്ടികൾക്ക് പഠന കിറ്റ് നൽകി. ഘോഷയാത്ര, സ്വാഗത നൃത്തം തുടങ്ങി വിവിധ കലാപരിപാടികളോടെ ചടങ്ങ് മനോഹരമാക്കി. അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, പഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയർ പരിപാടിയിൽ പങ്കെടുത്തു.

മുക്കം ഉപജില്ലാ തല പ്രവേശനോത്സവം കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂളിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നും അനുവദിച്ച മൂന്ന് ക്ലാസ് മുറികളുടെയും ഗ്രൗണ്ട് നവീകരണ പ്രവൃത്തിയുടെയും ഉദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി. മുൻ എം.എൽ.എ ജോർജ് എം. തോമസ് മുഖ്യാതിഥിയായി. എസ്.ആർ.ജി കൺവീനർ ജീവദാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ, വിദ്യാഭ്യാസ ആരോ​ഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എസ്. രവീന്ദ്രൻ, എ.ഇ.ഡി.പി ഓംകാരനാഥൻ, കുന്ദമംഗലം ബി.പി.സി കെ.എം. ശിവദാസൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

തുറയൂര്‍ പഞ്ചായത്ത്തല സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തുറയൂര്‍ ഗവ. വെല്‍ഫെയര്‍ എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ്  സി.കെ. ഗിരീഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. രാമകൃഷ്ണന്‍, പഞ്ചായത്ത് അം​ഗങ്ങളായ നജ്‌ല അഷ്റഫ്, അബ്ദുൽ റസാഖ് കുറ്റിയില്‍, ഹെഡ്മാസ്റ്റര്‍ രാമദാസ് മാസ്റ്റര്‍, ബി.ആര്‍.സി ട്രെയ്നര്‍ രാഹുല്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് സി.കെ. ഷാജു, അധ്യാപകരായ രതി, വനജ തുടങ്ങിയവര്‍ സംസാരിച്ചു.

ബാലുശ്ശേരി ബ്ലോക്ക്തല പ്രവേശനോത്സവം കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ. കെ.എം. സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത അധ്യക്ഷത വഹിച്ചു. വർണ്ണശബളമായ ആഘോഷങ്ങളോടെയാണ് വിദ്യാർത്ഥികളെ സ്കൂളിലേക്ക് വരവേറ്റത്. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഉമ മഠത്തിൽ, പി.എൻ. അശോകൻ, ശ്രീജ, ജനപ്രതിനിധികൾ, സ്കൂൾ പ്രിൻസിപ്പൽ എൻ.എം. നിഷ, പ്രധാനാധ്യാപിക മോളി നാഗത്ത്, എ.ഇ.ഒ അബ്ദുൽ റസാഖ്, എസ്.എസ്.കെ ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോ- ഓർഡിനേറ്റർ ഡിക്ട മോൾ തുടങ്ങിയവർ പങ്കെടുത്തു.

ചാലിയം ജി.എൽ.പി സ്കൂളിൽ നടന്ന കടലുണ്ടി ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. സുഷമ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സുലൈമാൻ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം തിരുവള്ളൂർ ഗവ. യു.പി സ്കൂൾ പൈങ്ങോട്ടായിയിൽ പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അം​ഗം ഹംസ വാഴേരി അധ്യക്ഷത വഹിച്ചു. സ്ഥിരം കമ്മറ്റി ചെയർപേഴ്സൺ കെ.വി. ഷഹനാസ് ഉപഹാരങ്ങൾ കൈമാറി. ബവിത്ത് മലോൽ, പി.എം. ബാലൻ, കെ.കെ. ചന്ദ്രൻ, കെ. ഷിനീത്, പി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ സ്കൂൾ പ്രവേശനോത്സവം വട്ടോളി ഗവ. യു.പി സ്കൂളിൽ നടന്നു. പരിപാടി കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജിലേഷ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.പി. സജിത, ഹേമ മോഹനൻ, എ.ഇ.ഒ ടി. ബിന്ദു, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത്തല പ്രവേശനോത്സവം കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പരിപാടി കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.ടി. നഫീസ അധ്യക്ഷയായി. സ്കോളർഷിപ്പ് ജേതാക്കൾക്ക് എം.എൽ.എ ഉപഹാരങ്ങൾ സമർപ്പിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി.കെ. മോഹൻ ദാസ്, പഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

മണിയൂർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പതിയാരക്കര എം.എൽ.പി സ്കൂളിൽ വെച്ച് നടന്നു. മണിയൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി.എം. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരനും കവിയുമായ വിമീഷ് മണിയൂർ മുഖ്യപ്രഭാഷണം നടത്തി. ബാന്റ് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.  

നവാഗതർക്കുള്ള പഠനോപകരണ കിറ്റ് വിതരണം പഞ്ചായത്ത് അം​ഗം എം. രമേശൻ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ പ്രവേശനോത്സവ ഗാനസംഗീതശില്പവും, കൈരളി ടി.വി. മാമ്പഴം ഫെയിം ആർദ്രയുടെ ഗാനാലാപനവും നടന്നു. പൂർവ വിദ്യാർഥിയും സ്റ്റാൻഡ്അപ് കൊമേഡിയനുമായ നാഫിയുടെ കോമഡി ഷോയും വേദിയിൽ അരങ്ങേറി. ഹെഡ്മിസ്ട്രസ് കെ. സുഹ്റ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി എം. മുഹമ്മദ് വാഹിദ് നന്ദിയും പറഞ്ഞു.

date