Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 02-01-2022

പ്രയാസ് പദ്ധതി: പെന്‍ഷന്‍ ഉത്തരവ് വിതരണം ചെയ്തു

പ്രയാസ് പദ്ധതിയുടെ ഭാഗമായുള്ള  മെയ് മാസത്തെ പെന്‍ഷന്‍ ഉത്തരവ് വിതരണം പിണറായി ബീഡി തൊഴിലാളി സഹകരണ സംഘം ഓഫീസില്‍ നടന്നു. വിരമിക്കുന്ന ദിനത്തില്‍ തന്നെ പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് പെന്‍ഷന്‍ ഉത്തരവ് കൈമാറുന്നതിന്റെ ഭാഗമായി ഇ പി എഫ് ഒ നടപ്പാക്കുന്ന പദ്ധതിയാണ് പ്രയാസ്. കണ്ണൂര്‍ റീജിയണല്‍ ഓഫീസിന്റെ പരിധിയിലുള്ള തൊഴിലാളി പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായ പിണറായി ബീഡി തൊഴിലാളി സഹകരണ സംഘം ജീവനക്കാരായ 13 പേര്‍ക്കും കതിരൂര്‍ ബീഡി തൊഴിലാളി സഹകരണ സംഘം ജീവനക്കാരായ ഏഴ് പേര്‍ക്കും റീജിയണല്‍ പി എഫ് കമ്മീഷണര്‍ വി എബിന്‍ വിശ്വനാഥ് രേഖകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ വി കെ രേഖ, സെക്ഷന്‍ സൂപ്പര്‍വൈസര്‍ എല്‍ എം മുരളീധരന്‍, കെ സദാനന്ദന്‍, തൊഴിലുടമാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

അങ്കണവാടികളില്‍ സൈന്യമെത്തി,
കളിയുപകരണങ്ങളുമായി

ഔദ്യോഗിക വേഷത്തിലെത്തിയ സൈനികരെ കണ്ടപ്പോള്‍ ആദ്യം കുട്ടികളൊന്നു പരുങ്ങി. എന്നാല്‍ കളിപ്പാട്ടങ്ങള്‍ കിട്ടിയപ്പോള്‍ മുഖത്ത് മെല്ലെ ചിരി വിടര്‍ന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ്  ജില്ലയിലെ അങ്കണവാടികള്‍ സന്ദര്‍ശിക്കാന്‍ കണ്ണൂരിലെ പ്രതിരോധസുരക്ഷാ സേനയിലെ രണ്ട് ഓഫീസര്‍മാരും ഒമ്പത് സൈനികരും അടങ്ങുന്ന (ഡി എസ് സി) സംഘമെത്തിയത്. അങ്കണവാടി ശാക്തീകരണ പദ്ധതിയുടെ ഭാഗമായി കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കാനത്തൂര്‍ സൗത്ത്, താവക്കര വെസ്റ്റ്, ചിറക്കല്‍കുളം, ആയിക്കര അങ്കണവാടികളാണ് സംഘം സന്ദര്‍ശിച്ചത്. ഡി എസ് സി സംഘം അങ്കണവാടി കുട്ടികളും ജീവനക്കാരുമായി സംസാരിച്ചു. കുട്ടികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ വികാസത്തിന് പ്രവര്‍ത്തിക്കുന്ന  ജീവനക്കാരെ അഭിനന്ദിച്ചു. കുട്ടികള്‍ക്കുള്ള കളിയുപകരണങ്ങള്‍, കസേരകള്‍, മേശ, പഠന മേശ, ചിത്രരചനാ പുസ്തകങ്ങള്‍ എന്നു തുടങ്ങി വിവിധ ഉപകരണങ്ങള്‍  സംഘം വിതരണം ചെയ്തു. കുട്ടികളുടെ നല്ല ഭാവിക്കായി എന്ത് തരത്തിലുള്ള പിന്തുണക്കും സൈന്യം കൂടെയുണ്ടെന്ന് ഉറപ്പ് നല്‍കിയാണ് സംഘം മടങ്ങിയത്.

ഗസ്റ്റ് അധ്യാപക നിയമനം

      തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ  ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ - ഇലക്ട്രോണിക്‌സ്, ട്രേഡ്‌സ്മാന്‍ - റഫ്രിജറേഷന്‍,  ട്രേഡ്‌സ്മാന്‍ - വെല്‍ഡിങ് എന്നീ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ  നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍  യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ നാലിന്  രാവിലെ 10മണി, 11 മണി, 12 മണി, ഒരു മണി, രണ്ട് മണി എന്ന സമയക്രമത്തില്‍  ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

താലൂക്ക് വികസന സമിതി

  കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഓംബുഡ്‌സ്മാന്‍ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനായി കണ്ണൂര്‍ ജില്ല എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്‌സ്മാന്‍ പേരാവൂര്‍ ബ്ലോക്ക്  പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ ഏഴിന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സിറ്റിങ് നടത്തും.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ അന്നേ ദിവസം നേരിട്ട് നല്‍കാവുന്നതാണ്.

മട്ടന്നൂര്‍ - ഇരിക്കൂര്‍ റോഡില്‍ രാത്രി ഗതാഗത നിയന്ത്രണം

മട്ടന്നൂര്‍ - ഇരിക്കൂര്‍ റോഡിന്റെ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജൂണ്‍ രണ്ടിന് രാത്രി 8.30 മുതല്‍ ജൂണ്‍ ആറ് വരെ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. രാത്രി 8.30 മുതല്‍ രാവിലെ ആറ് മണി വരെയാണ് ഗതാഗത നിയന്ത്രണം.

വൈദ്യുതി മുടങ്ങും

  അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓലാടത്താഴ മുതല്‍ ചക്കിപീടിക വരെയും, മൂന്നുനിരത്ത് ചര്‍ച്ച് വരെയും  വന്‍കുളത്ത് വയല്‍ മുതല്‍ ടൈഗര്‍ മുക്ക് വരെയും ജൂണ്‍ മൂന്ന് വെള്ളി രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരക്കുണ്ട് ഫാം, എം എം കോളേജ്  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ മൂന്ന് വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും പറവൂര്‍, കാരക്കുണ്ട് ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏണ്ടി, മാതനര്‍കല്ല് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ മൂന്ന് വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊളത്തൂര്‍ ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

date