Skip to main content

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും ബദിയഡുക്ക ഗ്രാമപഞ്ചായത്തും കൈകോര്‍ക്കുന്നു പെരഡാല കൊറഗ കോളനിയില്‍ ഒരുങ്ങുന്നത്  58,47,000 രൂപയുടെ സമഗ്ര വികസന പദ്ധതി

ബദിയഡുക്ക പെരഡാലയിലെ കൊറഗ കോളനിയുടെ സമഗ്ര വികസനത്തിനായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും ബദിയഡുക്ക ഗ്രാമപഞ്ചായത്തും സംയുക്തമായി 58,47,000 രൂപയുടെ പദ്ധതികളൊരുക്കും. ബദിയഡുക്ക പഞ്ചായത്ത് 14ാം വാര്‍ഡ് പെരഡാലയിലെ പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ ആവശ്യങ്ങള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സാധ്യമാക്കുക, കോളനിയില്‍ സുസ്ഥിര വികസനം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.  

47 സ്ത്രീകളും 51 പുരുഷന്‍മാരും 3 കുട്ടികളും അടങ്ങിയ 44 കുടുംബങ്ങളാണ് ബദിയഡുക്ക പെരഡാല കോളനിയിലുള്ളത്. ഇവിടെ വിവിധങ്ങളായ ആവശ്യങ്ങള്‍ അറിയിച്ച കുടുംബങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും സംയുക്ത സേവനം ലഭ്യമാക്കും. പഞ്ചായത്ത് ലൈഫ് മിഷന്‍ അല്ലെങ്കില്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ലൈഫില്‍ ഉള്‍പ്പെടുത്തി സ്ഥലമില്ലാത്തവര്‍ക്ക് വസ്തുവാങ്ങാനും വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും.

കൃഷിക്കും ജലസേചനത്തിനും വേനല്‍ക്കാലത്ത് കന്നുകാലികള്‍ക്ക് കുടിവെള്ളമായും കുളങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട കുടുംബങ്ങള്‍ക്ക്  തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ലഭ്യമായ സ്ഥലത്ത് കുളം നിര്‍മ്മിച്ചു നല്‍കും. കാലിത്തൊഴുത്ത്, ആടിന്‍ കൂട്, കോഴിക്കൂട് എന്നിവ ആവശ്യപ്പെട്ട ഗുണഭോക്താക്കള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവ നിര്‍മ്മിച്ചു നല്‍കും. ആവശ്യമായ പശുക്കളെയും കോഴികളെയും ആടുകളേയും വകുപ്പോ പഞ്ചായത്തോ നല്‍കും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തീറ്റപ്പുല്‍ കൃഷി ആരംഭിക്കാന്‍ നിലം ഒരുക്കി നല്‍കും. തീറ്റപ്പുല്‍ കടകള്‍ ക്ഷീര വകുപ്പ് നല്‍കും.

കോളനിയിലെ കുത്തനെയുള്ള കുന്നിന്‍ പ്രദേശം കല്ല്‌കെട്ട് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്തോ മണ്ണ് സംരക്ഷണ വകുപ്പോ ഏറ്റെടുത്ത് നടത്തും. മുപ്പത് കുടുംബങ്ങളാണ് സംരക്ഷണ ഭിത്തിയുടെ ഗുണഭോക്താക്കള്‍. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സോക്പിറ്റ് ആവശ്യപ്പെട്ട 25 കുടുംബങ്ങള്‍ക്ക് അത് ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി താഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു നല്‍കും.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ സൈമ, കാസര്‍കോട് ബ്ലോക്ക് പെരഡാല ഡിവിഷന്‍ അംഗം എസ്. അശ്വിനി, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അബ്ബാസ്, ബദിയഡുക്ക അസിസ്റ്റന്റ് സെക്രട്ടറി പി.മുരളി, ബദിയഡുക്ക വി.ഇ.ഒ ജാസീം, എന്‍.ആര്‍.ഇ.ജി.എസ് എ.ഇ അശ്വതി, എന്‍.ആര്‍.ഇ.ജി.എസ് ഓവര്‍സിയര്‍ അബ്ദുല്‍ഖാദര്‍ തുടങ്ങിയവര്‍ കോളനി സന്ദര്‍ശിച്ച് ഗുണഭോക്താക്കളുമായി സംസാരിച്ചു.

കോളനിയിലെ ഗുണഭോക്താക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് വിവിധ അടിസ്ഥാന വികസന സൗകര്യങ്ങള്‍ നിര്‍മ്മിച്ചു നല്‍കും. വസ്തു വാങ്ങല്‍, ഭവന നിര്‍മ്മാണം, വീട് പുനരുദ്ധാരണം, ശുചിമുറി, ജലസേചന കിണര്‍, കുടിവെള്ള പൈപ്പ്‌ലൈന്‍, വൈദ്യുത കണക്ഷന്‍, ഗ്യാസ് കണക്ഷന്‍, സോളാര്‍ ലൈറ്റ്, കാലിത്തൊഴുത്ത് നിര്‍മ്മാണം, ആട്ടിന്‍കൂട് നിര്‍മ്മാണം, അസോള, തീറ്റപ്പുല്‍ കൃഷി, മഴക്കുഴി നിര്‍മ്മാണം, കിണര്‍ റീച്ചാര്‍ജ്ജിങ്, ഫലവൃക്ഷതൈ നടല്‍, തട്ട് തിരിക്കല്‍, മണ്‍ കയ്യാല, കല്ല് കയ്യാല, ഫാം പോണ്ട്, കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റ്, മണ്ണിടിച്ചില്‍ തടയാന്‍ സംരക്ഷണ ഭിത്തി തുടങ്ങി കോളനി വികസനത്തിനായി സമഗ്ര പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്നതെന്നും പദ്ധതി പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സി.എ സൈമ പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പെരഡാല കൊറഗ കോളനിയില്‍ സമഗ്ര വികസനം സാധ്യമാകുമെന്ന് ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത പറഞ്ഞു.

date