Skip to main content
ശുചിത്വ ക്യാമ്പയ്ന്‍

ശുചിത്വ ക്യാമ്പയ്ന്‍... പൊതുജനങ്ങള്‍ക്കുള്ള പ്രധാനനിദ്ദേശങ്ങള്‍

 

വീടുംപരിസരവും വൃത്തിയാക്കി, നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഈ തീവ്ര ശുചിത്വ യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കുക. കൊതുകു ജന്യരോഗങ്ങളില്‍ നിന്നും മറ്റു പകര്‍ച്ച വ്യാധികളില്‍ നിന്നും രക്ഷനേടുന്നതിനായി Dry Day (ഉണക്കുദിനം) ആചരിക്കുക.

വീടിന്റെ പരിസരത്തും പറമ്പിലും അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുള്ള ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, പ്ലാസ്റ്റിക്പാത്രങ്ങള്‍, പൊട്ടിയപാത്രങ്ങള്‍, മുട്ടത്തോടുകള്‍, പഴയടയറുകള്‍, ആട്ടുകല്ലുകള്‍, മറ്റു സാധനസാമഗ്രികള്‍ മുതലായവ കണ്ടെത്തി കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുക.

പരിസരങ്ങളില്‍ അനാവശ്യമായി രൂപപ്പെടുത്തിയിട്ടുള്ള കുഴികള്‍ ഉണ്ടെങ്കില്‍ മണ്ണിട്ടുനികത്തുകയോ, കുഴികളില്‍ വാഴപോലുള്ള ചെടികള്‍ നാട്ടുവളര്‍ത്തുകയോ ചെയ്യുക.

താമരക്കുളം പോലുള്ള അലങ്കാര ജലസംഭരണികളിലും, മറ്റു ടാങ്കുകളിലും ഗപ്പി പോലുള്ള കൂത്താടി ഭോജ്യ മത്സ്യങ്ങളെ വളര്‍ത്തുക. 
മരപ്പൊത്തുകളിലും, വാഴയുടെ പോളകള്‍ക്കിടയിലും മഴവെള്ളം കെട്ടിനിന്ന് കൊതുകുകള്‍ വളരുന്ന സാഹചര്യമുണ്ടെങ്കില്‍ അവ ഒഴിവാക്കുക.

മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്ന പ്രദേശങ്ങളില്‍ എലികള്‍ പെറ്റുപെരുകുകയും എലി മൂത്രം മൂലം പ്രദേശം മലിനപ്പെടുകയും ചെയ്യുന്നു. പ്രസ്തുത പ്രദേശവുമായി ഇടപെഴകുന്നവര്‍ക്ക് (തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, മറ്റു തൊഴിലാളികള്‍ തുടങ്ങിയവര്‍) എലിപ്പനി പിടിപെടുകയും ചെയ്യുന്നു. ആയതിനാല്‍ അങ്ങനെയുള്ള പ്രദേശങ്ങളില്‍നിന്നും നിന്നും അടിയന്തരമായി മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ബ്ലീച്ചിങ് പൗഡര്‍ വിതറി പ്രദേശം നിര്‍വീര്യമാക്കുകയും ചെയ്യേണ്ടതാണ്.

വീടിനുള്ളിലെ ശുചിത്വം പ്രധാനമാണ്. അടുക്കള മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക. ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനായി ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ (ബയോബിന്‍, കമ്പോസ്റ്റ്പിറ്റ് മുതലായവ) അവലംബിക്കുക. അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ചു സൂക്ഷിക്കുകയും ഹരിതകര്‍മ്മ സേനയെ ഏല്‍പ്പിക്കുകയും ചെയ്യുക.

പ്രത്യേകം ശ്രദ്ധിക്കുക... ശുചിത്വ ക്യാമ്പയിന് പങ്കെടുക്കുന്ന എല്ലാ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരും, മാലിന്യവുമായി സമ്പര്‍ക്കം വരുന്ന പൊതുജനങ്ങളും Doxy prophylaxis സ്വീകരിക്കുക.

ഫ്രിഡ്ജിനുള്ളിലെ ട്രേ, വീടിനുള്ളില്‍ വെള്ളത്തില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുക.

മഴ നീര്‍ച്ചാലുകളും ഓടകളും കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുക. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും മറ്റും ഓടകളില്‍ നിക്ഷേപിക്കാതിരിക്കുക. തീവ്രശുചിത്വ യജ്ഞത്തിന്റെ ഭാഗമായി സ്ഥാപനങ്ങളുടെ മുന്നില്‍വരുന്ന പൊതു അഴുക്കുചാലുകളുടെ ഭാഗം അതാത് സ്ഥാപനങ്ങള്‍ തന്നെ വൃത്തിയാക്കേണ്ടതാണ്.

റോഡുകള്‍ ശുചീകരണത്തിന്റെ ഭാഗമായി ഇരുവശങ്ങളിലെയും ഓടകള്‍ വൃത്തിയാക്കുകയും വെയ്റ്റിംഗ് ഷെഡ്ഡുകള്‍ വൃത്തിയാക്കുകയും ചെയ്യേണ്ടതാണ്. റോഡിനിരുവശവും ഉള്ള പാഴ് ചെടികളും പൊന്തക്കാടുകളും ഒഴിവാക്കേണ്ടതാണ്.

സര്‍ക്കാര്‍- സര്‍ക്കാരിതര പൊതുസ്ഥാപനങ്ങള്‍ അന്നേദിവസം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വൃത്തിയാക്കേണ്ടതാണ്. സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയാതെ ഹരിതകര്‍മ്മസേനയെ ഏല്‍പിക്കേണ്ടതാണ്.

വീടുകളില്‍ നിന്നുള്ള മലിനജലം ഒരു കാരണവശാലും പൊതു ഓടകളിലേയ്ക്ക് ഒഴുക്കിവിടാന്‍ പാടുള്ളതല്ല. വീടുകളില്‍ തന്നെ Sockage pit സംവിധാനം ഒരുക്കേണ്ടതാണ്.

റബ്ബര്‍ തോട്ടങ്ങളിലെ തൊഴിലാളികളെ ബോധവത്കരിക്കുകയും, ടാപ്പിംഗ് ചിരട്ടകള്‍ ഉപയോഗമില്ലാത്ത അവസരങ്ങളില്‍ കമഴ്ത്തിവയ്ക്കാനും നിര്‍ദേശിക്കേണ്ടതാണ്.

കൈതച്ചക്ക, മരച്ചീനി തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്  Doxy prophylaxis നല്‍കുക. പ്രസ്തുത തോട്ടങ്ങളില്‍ അന്നേദിവസം ശുചീകരണം നടത്തേണ്ടതാണ്. എലി മാളങ്ങള്‍ കണ്ടെത്തി അടയ്‌ക്കേണ്ടതും, എലി നശീകരണം നടത്തേണ്ടതുമാണ്.

വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ മുന്‍ കരുതലെടുക്കേണ്ടതാണ്. ആടുമാടുകളെ പരിപാലിക്കുന്നവര്‍ doxy prophylaxis സ്വീകരിക്കുന്നത് നല്ലതാണ്. കയ്യിലോ കാലിലോ മുറിവുകളുണ്ടെങ്കില്‍ വൃത്തിയായി പൊതിഞ്ഞു സൂക്ഷിക്കുക.

വാര്ഡു തലത്തിലുള്ള ശുചീകരണ പരിപാടികള്‍ക്ക് ജനപ്രതിനിധികളോ പൊതുപ്രവര്‍ത്തകരോ നേതൃത്വം വഹിക്കുന്നതാണ്. ഇവരുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണം.

വീടുകളിലോ സ്ഥാപനങ്ങളിലോ ഉണ്ടാകുന്ന ഏതുതരം മാലിന്യവും മറ്റുള്ളവര്‍ക്കും പ്രകൃതിക്കും ദോഷകരമാകാതെ സംസ്‌ക്കരിക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉടമസ്ഥന്തന്നെയാണ്.

മാലിന്യങ്ങളെ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് സംസ്‌ക്കരിക്കുക എന്നതാണ് ശരിയായ രീതി. അനധികൃതമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ മൃഗങ്ങള്‍, പ്രാണികള്‍, പെരുച്ചാഴികള്‍, കൊതുകുകള്‍ എന്നിവയുടെ സാന്നിധ്യമുണ്ടാവുകയും തന്മൂലം പ്രദേശത്തെ മണ്ണും, ജലസ്രോതസ്സും മലിനപ്പെടുകയും ഗുരുതര പകര്‍ച്ച വ്യാധികള്‍ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, മലേറിയ,ഡെങ്കിപ്പനി, എലിപ്പനി മുതലായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയും ജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക സന്തുലിതാവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു.

മഴക്കാല രോഗങ്ങള്‍ തടയുന്നതിനായി ഏവരും ഡ്രൈഡേയില്‍ പങ്കാളിയാവുക. പൊതുസ്ഥലങ്ങളും, അഴുക്കുചാലുകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. കയ്യുറകളും കാലുറകളും (ബൂട്‌സ്) ധരിക്കേണ്ടതാണ്.

date