Skip to main content

കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭഘട്ടത്തില്‍ കണ്ടെത്താന്‍ 'ബാലമിത്ര' ക്യാമ്പയിന് തുടക്കം

കുട്ടികള്‍ക്കിടയിലെ കുഷ്ഠരോഗം പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കുന്നതിനായി 'ബാലമിത്ര' എന്ന പേരില്‍ ജില്ലയില്‍ ക്യാമ്പയിന്‍ തുടങ്ങി. കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കിടയിലെ കുഷ്ഠരോഗം തുടക്കത്തിലേ കണ്ടെത്താന്‍  ആദ്യഘട്ടത്തില്‍ അങ്കണവാടി കുട്ടികള്‍ക്കിടയിലാണ് ക്യാമ്പയിന്‍ നടത്തുന്നത്. രണ്ടാംഘട്ടത്തില്‍ ഹൈസ്‌കൂള്‍ കുട്ടികളെയും പരിശോധനക്ക് വിധേയരാക്കും . അങ്കണവാടി അധ്യാപികമാരെ  പ്രത്യേക പരിശീലനം നല്‍കി രോഗനിര്‍ണയ പ്രക്രിയയില്‍ പങ്കാളികളാക്കും. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണവും നടത്തും. രോഗ സാധ്യതായുള്ളവരുടെ പട്ടിക തയാറാക്കി  ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി രോഗ നിര്‍ണയത്തിന് ശേഷം ചികിത്സ തുടങ്ങും. ആരോഗ്യ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബോധവത്കരണ- രോഗപ്രതിരോധ പ്രവര്‍ത്തനം. ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം  മലപ്പുറം നഗരസഭാ ചെയര്‍മാന്‍  മുജീബ് കാടേരി നിര്‍വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ. ഷിബുലാല്‍ അധ്യക്ഷനായി. ജില്ലാ ലെപ്രെസി ഓഫീസര്‍ ഡോ. അഹമ്മദ് അഫ്‌സല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷന്‍ ഡെപ്യൂട്ടി  മീഡിയ ഓഫീസര്‍ പി.എം.ഫസല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സുരേഷ്‌കുമാര്‍,  ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍  അനിത ദീപ്തി , അസിസ്റ്റന്റ് ലെപ്രെസി ഓഫീസര്‍ പി.ജെ തമ്പി, വി.കെ അബ്ദുല്‍ സത്താര്‍ എന്നിവര്‍ സംസാരിച്ചു.
 

date