Skip to main content

ജില്ലയില്‍ ഇതുവരെ 114648 കുടുംബങ്ങള്‍ക്ക് ജല്‍ജീവന്‍ മിഷനിലൂടെ കുടിവെള്ളമെത്തി

പദ്ധതി നിര്‍വഹണം ജില്ലാ കലക്ടര്‍ വിലയിരുത്തി

ജല്‍ജീവന്‍ മിഷനിലൂടെ ജില്ലയില്‍ ഇതുവരെ കുടിവെള്ളം ലഭ്യമാക്കിയത് 114648 കുടുംബങ്ങള്‍ക്ക്. പദ്ധതി നിര്‍വഹണം വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ജലനിധി അധികൃതര്‍ 114648 കുടുംബങ്ങള്‍ക്ക് ജില്ലയില്‍ ഇതുവരെ ശുദ്ധജല കണക്ഷനുകള്‍ ലഭ്യമാക്കിയതായി അറിയിച്ചത്. 2024 ഓടെ 653936 കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടികള്‍ തുടരുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എസ് അന്‍സാര്‍ പറഞ്ഞു. പദ്ധതി നിര്‍വഹണത്തിനായി 42 ശതമാനം സ്ഥലവും ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ജല്‍ജീവന്‍ മിഷന്‍ പ്രവൃത്തി മാസം തോറും വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പുരോഗതി, സ്ഥല മേറ്റെടുപ്പ് , റോഡ് മുറിക്കല്‍, ഇംപ്ലിമെന്റ്ല്‍ സപ്പോര്‍ട്ട് ഏജന്‍സിയുടെ ക്ലെയിം തുകയുടെ അംഗീകാരം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ടി.വി ഇബ്രാഹിം എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ എം.എസ് അന്‍സാര്‍, ടി.എന്‍ ജയകൃഷ്ണന്‍, പി.പി ദീപ, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ അബ്ദുള്‍കലാം  ജലജീവന്‍ മിഷന്‍ പദ്ധതി ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ടിങ് ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
 

date