Skip to main content

കൈ മെയ് മറന്ന് ഒന്നായി: നാടെങ്ങും ശുചീകരണ യജ്ഞം 

 

പാരിസ്ഥിതികമായ തിരിച്ചറിവിന്റെ ഊർജ്ജമുൾക്കൊണ്ട് ജില്ലയിൽ നടന്ന പരിസ്ഥിതി ദിനാഘോഷം പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിസ്ഥിതി 
ദിനാഘോഷത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ വിപുലമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചത്. കലക്ട്രേറ്റിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വിരമിച്ച ഉദ്യോഗസ്ഥർ വരെ എത്തിയത് പരിസ്ഥിതി ദിനാഘോഷത്തിന്റെ ആവേശം കൂട്ടി. രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ നേരിട്ടെത്തി വിലയിരുത്തൽ നടത്തി. 

കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കൊതുകുകളുടെ ഉറവിട നശീകരണം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് പ്രാദേശിക തലത്തിൽ നടന്നത്. മഴക്കാലപൂര്‍വ്വ ശുചീകരണം എന്ന രീതിയില്‍ റോഡിന്റെ ഇരുവശങ്ങള്‍, പൊതുഇടങ്ങള്‍, ബീച്ചുകള്‍, ജലസ്രോതസുകൾ തുടങ്ങിയവയെല്ലാം മാലിന്യ മുക്തമാക്കി. വിദ്യാര്‍ത്ഥികള്‍, യുവജന സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, വായനശാലകൾ തുടങ്ങിയവയുടെ  സഹകരണത്തോടെയാണ് ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 
 

date