Skip to main content
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ്യവസായ മേഖലകളിൽ വൃക്ഷത്തൈ നടുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു. കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ സമീപം.

എല്ലാ വ്യവസായ പാർക്കുകളിലും ഹരിത മതിൽ ഉയരും: പി.രാജീവ് പരിസ്ഥിതി ദിനത്തിൽ വ്യവസായ വികസന ഏരിയയില്‍ വൃക്ഷത്തൈ നട്ടു

 

        സംസ്ഥാനത്തെ എല്ലാ വ്യവസായ പാർക്കുകളിലും ഹരിത മതിൽ ഉയരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ വ്യവസായ പാര്‍ക്കുകള്‍ ഗ്രീന്‍ സോണ്‍ ആകുന്നതിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടല്‍ സംസ്ഥാനതല ഉദ്ഘാടനം എടയാർ വ്യവസായ മേഖലയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു  അദ്ദേഹം.

        മാവ്, പ്ലാവ്, ആര്യവേപ്പ് തുടങ്ങിയ ഉപകാരപ്രദമായ വൃക്ഷങ്ങൾ ഉപയോഗിച്ച് ഒരു മീറ്റർ മുതൽ രണ്ട് മീറ്റർ വരെ വീതിയിൽ ഹരിത മതിൽ നിർമിക്കും.  വ്യവസായ പാർക്കുകളിൽ   നിന്നും പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിനെ വൃക്ഷങ്ങൾ ആഗിരണം ചെയ്ത് ഓക്സിജൻ നൽകുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൃക്ഷങ്ങൾ നന്നായി പരിചരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

       ഒരേഒരു ഭൂമി എന്ന ലോക പരിസ്ഥിതി ദിന സന്ദേശം പ്രചരിപ്പിക്കുന്ന യജ്ഞത്തിന്റെ ഭാഗമായാണ് വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള വ്യവസായ വികസന ഏരിയ പ്ലോട്ടുകളില്‍ വൃക്ഷത്തൈകള്‍ നടുന്നത്. എടയാർ മേഖലയിൽ ഇരുന്നൂറും എറണാകുളം ജില്ലയിൽ നാന്നൂറ് വൃക്ഷത്തൈകളുമാണ് വകുപ്പ് നടുന്നത്.

             കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍,  അഡീഷ്ണല്‍ ഡയറക്ടര്‍ കെ.സുധീര്‍, കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ കെ.എസ് താരാനാഥ്, സുനിത കുമാരി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, മാനേജര്‍ ആര്‍.രമ, സംസ്ഥാന ചെറുകിട വ്യവസായ സംഘം പ്രസിഡന്റ് പി.ജെ ജോസ്, എടയാര്‍ മേഖല പ്രസിഡന്റ്  സോജന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date