Skip to main content
ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒരു തൈ നട്ട് നടൻ മമ്മൂട്ടി നിർവഹിക്കുന്നു.

ആദ്യ തൈ മനസിൽ നട്ട് മണ്ണിൽ യാഥാർത്ഥ്യമാക്കണം: മന്ത്രി പി പ്രസാദ് ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു

 

 

          എല്ലാവരും കൃഷിയെ ആശ്രയിക്കുന്നവരായതിനാൽ  ആദ്യത്തെ തൈ നടേണ്ടത് ഓരോരുത്തരുടെയും മനസിലാണെന്നും അത് മണ്ണിൽ യാഥാർഥ്യമാക്കണമെന്നും കാർഷിക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.സംസ്ഥാന കൃഷിവകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം'  പദ്ധതിയുടെ സംസ്ഥാനതല സമ്മേളനം ചോറ്റാനിക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷണം സുരക്ഷിതമാവേണ്ട ഈ കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഗൗരവമായ ഇടപെടലാണ്  ഈ പദ്ധതിയെന്നും മന്ത്രി  പറഞ്ഞു.

 

        പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നതു പോലെ നാം പരിസ്ഥിതിയെയും സംരക്ഷിക്കണമെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈ നട്ട്  നിർവഹിച്ചു സംസാരിക്കുകയായിരുന്നു  മമ്മൂട്ടി. പരിസ്ഥിതി സംരക്ഷണത്തിലൂട മാത്രമെ നാം സംരക്ഷിതരാകൂ. പരിസ്ഥിതിയെ വീണ്ടെടുക്കാനുള്ള മഹാസംരംഭത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഒരു കോടി ഫല വൃക്ഷത്തൈ നടുക എന്നത് മഹത്തായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

         ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ മുതിർന്ന കർഷകനായ എം ആർ ശശിയെ മന്ത്രി പി പ്രസാദ് ചടങ്ങിൽ ആദരിച്ചു. സ്റ്റേറ്റ് സീഡ് ഫാം സീനിയർ അഗ്രികൾച്ചർ ഓഫീസർ ലിസിമോൾ ജെ വടക്കൂട്ട് എഴുതിയ ഹെൽത്തി റൈസ് തോട്ട് എക്കളോജിക്കൽ എൻജിനീറിങ് പ്രാക്ടീസസ് ഇൻ ഇൻ്റെഗ്രേറ്റഡ് ഫാമിങ് സിസ്റ്റം എന്ന പുസ്തകം  മമ്മൂട്ടി  പ്രകാശനം ചെയ്തു.

       ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വര്‍ഗീസ് മഞ്ഞിലാസ് തലക്കോടിന്റെ കൃഷിയിടത്തില്‍ നടന്ന ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായര്‍, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷീലപോള്‍ തുടങ്ങിയവർ  പങ്കെടുത്തു.

date