Skip to main content
വൈപ്പിൻ മണ്ഡലം തല പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്ത് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. എം.പി പ്രശോഭ്, ജയമാധവൻ, ആൽബി കളരിക്കൽ, കെ.കെ രഘുരാജ്, ലോഗസ് ലോറൻസ് എന്നിവർ സമീപം.

ചുറ്റുപാടിനിണങ്ങിയ മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് ഊന്നൽ: കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ

 

വൈപ്പിൻ: നാടിനും ചുറ്റുപാടിനും യോജിച്ച മരങ്ങൾ നടുന്നതിന് ഊന്നൽ നൽകിയാണ് ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായ പരിപാടികൾ മണ്ഡലത്തിൽ നടത്തുന്നതെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി. അക്കേഷ്യ പോലെ നമ്മുടെ പ്രകൃതിക്കു ചേരാത്തതും ഹാനികരവുമായ മരങ്ങൾ നടുന്നില്ലെന്നതിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. 'മഹാവരമാം മരം നടാം, ഭൂമിയെ തണുപ്പിക്കാം' എന്ന ആശയത്തോടെ മണ്ഡലതല പരിസ്ഥിതി ദിനാചരണം ഓച്ചന്തുരുത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
 
ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും വൈപ്പിൻ മേഖല പോലുള്ള താഴ്ന്ന, തീര പ്രദേശങ്ങൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. താപനത്തിനു കാരണമായ ഹരിത ഗൃഹ വാതകങ്ങൾ കുറക്കുന്നതിന് ഒരു വീട്ടിൽ ഒരു മരമെങ്കിലും വച്ചു പിടിപ്പിക്കുന്നതുപോലും ഏറെ പ്രസക്തവും പ്രധാനപ്പെട്ടതുമാണെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

എം.എൽ.എയുടെ നേതൃത്വത്തിൽ വനം വന്യജീവി വകുപ്പിന്റെയും ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ   ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ അധ്യക്ഷത വഹിച്ചു.

ഭൂമിയെ ആഘോഷിക്കാനും സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആപ്‌തവാക്യമായ 'ഒരേയൊരു ഭൂമി' എന്ന വിഷയത്തിലൂന്നി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എ ജയമാധവൻ, കുഫോസ് ഫാം സൂപ്രണ്ട് കെ.കെ രഘുരാജ് എന്നിവർ ബോധവത്കരണ സന്ദേശം നൽകി.

ജീവവായു പണം കൊടുത്തു വാങ്ങേണ്ടിവരുന്ന കാലത്തെ അകറ്റി നിർത്താൻ കഴിയുന്നത്ര മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിലൂടെ മാത്രമെ സാധ്യമാകൂവെന്ന് ജയമാധവൻ ചൂണ്ടിക്കാട്ടി. ജപ്പാനിൽ പാർലറിൽ നിന്ന് ഓക്സിജൻ ശ്വസിക്കാൻ മണിക്കൂറിന് 500 രൂപയാണ് ചെലവ്. ജില്ലയിൽ സോഷ്യൽ ഫോറസ്ട്രി വകുപ്പുമായി ഏറ്റവുമധികം സഹകരിക്കുന്ന മണ്ഡലമായ വൈപ്പിനിലാണ് വകുപ്പിന്റെ പദ്ധതികൾ കൂടുതലും. കൂടുതൽ പദ്ധതികൾ വൈപ്പിൻ കേന്ദ്രീകൃതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

താഴ്ന്നു പോകുന്ന പ്രവണതയുള്ള വൈപ്പിൻ മേഖലയുടെ സംരക്ഷണത്തിന് ജൈവ വേലി അനിവാര്യമാണെന്ന് കെ.കെ രഘുരാജ് പറഞ്ഞു. കടൽഭിത്തിക്കൊപ്പം തന്നെ കണ്ടൽ, കാറ്റാടി എന്നിവ കൊണ്ടുള്ള ജൈവവേലിയാണ് സുസ്ഥിരമെന്ന് തെളിഞ്ഞിട്ടുണ്ട്. ബാങ്ക് വൈസ് പ്രസിഡന്റ് ലോഗസ് ലോറൻസ്, എം.പി പ്രശോഭ് എന്നിവരും പ്രസംഗിച്ചു. തുടർന്ന് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

date