Skip to main content
നവീകരണം പൂർത്തിയായ ചേരാനെല്ലൂർ ഗവ. എൽ. പി സ്കൂൾ

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ സ്മാര്‍ട്ട് ആയി എറണാകുളം ജില്ല നവീകരിച്ചത് 35 സ്‌കൂളുകള്‍

 

    അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സ്‌കൂളുകളും ക്ലാസ്മുറികളും സ്മാര്‍ട്ട് ആയതിന്റെ ആവേശത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇതുവരെ 35 സ്‌കൂളുകളാണ് നവീകരിച്ചത്. കിഫ്ബി, നബാര്‍ഡ് തുടങ്ങിയവയ്ക്ക് പുറമെ എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടും സ്‌കൂള്‍ നവീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചു.

    ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പെടുന്ന 15 സ്‌കൂളുകളാണ് 5 കോടി രൂപ മുതല്‍ മുടക്കില്‍ നവീകരിച്ചിട്ടുള്ളത്. ക്ലാസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കു പുറമെ ലാപ്‌ടോപ്പുകള്‍, പ്രൊജക്ടറുകള്‍, ലാബ് ഉപകരണങ്ങള്‍ എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കി. 8 സ്‌കൂളുകളാണ് 3 കോടി രൂപ മുതല്‍ മുടക്കില്‍ നവീകരിച്ചിട്ടുള്ളത്. ആ സ്‌കൂളുകളിലും ഡിജിറ്റല്‍ സൗകര്യങ്ങളും സൗകര്യമുള്ള ശുചിമുറികളും ഉറപ്പാക്കി.

    വിദ്യാഭ്യാസത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിലാണ് എല്‍.പി, യു.പി ക്ലാസുകള്‍ നവീകരിക്കുന്നത്. 5 സ്‌കൂളുകളാണ് ഇത്തരത്തില്‍ ജില്ലയില്‍ നവീകരിച്ചിട്ടുള്ളത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ്  നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്.

    ജില്ലയിലെ 13 സ്‌കൂളുകളുടെ നവീകരണം പുരോഗമിച്ചു വരികയാണ്. കിഫ്ബി, നബാര്‍ഡ് എന്നീ ഏജന്‍സികളാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്തുന്നത്. നവീകരണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്‌കൂളുകളുടെ ഉദ്ഘാടനം നടത്തും.

     ജില്ലയിലെ ആദ്യ മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പ്രീ പ്രൈമറി സ്‌കൂളുകള്‍ നവീകരിക്കും.

    അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം തന്നെ വിദ്യാര്‍ത്ഥികളുടെ അറിവും കഴിവും ധാരണകളും പ്രായത്തിനനുസരിച്ച് വികസിക്കുന്നുണ്ടോ എന്നത് ശാസ്ത്രീയമായി വിലയിരുത്തി സമയബന്ധിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യവും സ്‌കൂളുകള്‍ ഏറ്റെടുക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ഡിജിറ്റല്‍ ഡിവൈഡിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തില്‍ വിദ്യാകിരണം പദ്ധതിയും സ്‌കൂളുകളില്‍ നടപ്പാക്കി വരുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുക എന്നതാണ് വിദ്യാകിരണം പദ്ധതിയുടെ ലക്ഷ്യം.

date