Skip to main content

​​​​​​​കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം ആരംഭിച്ചു സംസ്ഥാനത്ത് 33,000 ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം നൽകും: മന്ത്രി എ. നാരായണസ്വാമി

കോട്ടയം: സംസ്ഥാനത്ത് 33,000 ഭിന്നശേഷിക്കാർക്ക് 21 കോടി രൂപയുടെ സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി എ. നാരായണ സ്വാമി പറഞ്ഞു. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ 1258 പേർക്ക് എ.ഡി.ഐ.പി. പദ്ധതിയിലൂടെ നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബി.സി.എം. കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനായി രാജ്യത്താകമാനം ഇതുവരെ 12,298 ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിലൂടെ 32 ലക്ഷം പേർക്ക് സഹായം ലഭ്യമാകും. കേരളത്തിൽ 354 ക്യാമ്പുകൾ നടത്തി. കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കായി രാജ്യത്ത് 219 ആശുപത്രികളെ എം പാനൽ ചെയ്തു. 4170 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചു. കേരളത്തിൽ 21 എണ്ണം പൂർത്തീകരിച്ചു. മനുഷ്യവിഭവശേഷിയിലെ അഭിവാജ്യവിഭാഗമാണ് രാജ്യത്തെ 2.68 കോടി വരുന്ന ഭിന്നശേഷിക്കാർ. ഇവരുടെ സമഗ്രക്ഷേമത്തിനും വികസനത്തിനുമായി വിവിധ പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പാക്കുന്നു. ഭിന്നശേഷിക്കാർക്ക് എല്ലാമേഖലകളിലും മികവു പുലർത്താൻ കഴിയുന്ന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചവിട്ടുവരി സ്വദേശിയായ എട്ടു വയസുകാരി ഭവ്യ പ്രശാന്തിന് ശ്രവണ സഹായി നൽകിയാണ് കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന വിശാല ലക്ഷ്യത്തോടെ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിയതായി യോഗത്തിൽ അധ്യക്ഷത വഹിച്ച സാമൂഹിക നീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്ന തടസരഹിത കേരളം പദ്ധതി, ശ്രുതി തരംഗം, ശുഭയാത്ര തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ദേശീയ നിലവാരത്തിൽ എത്തിച്ചതായും മന്ത്രി പറഞ്ഞു.
സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി  വി.എൻ. വാസവൻ മുഖ്യാതിഥിയായി. ഭിന്നശേഷിക്കാരുരെ സമൂഹത്തിന്റെ മുൻ നിരയിലേക്കെത്തിക്കാൻ എല്ലാ സൗകര്യവും സർക്കാർ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
എം.പി.മാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി,  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവർ പങ്കെടുത്തു. ജില്ലാ കളക്ടർ
ഡോ. പി.കെ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭാധ്യക്ഷരായ ബിൻസി സെബാസ്റ്റ്യൻ,
ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊഫ. ടോമിച്ചൻ ജോസഫ്, മറിയാമ്മ എബ്രഹാം, ആര്യ രാജൻ,
അലിംകോ സീനിയർ മാനേജർ എ.പി. അശോക് കുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ.വി. റസൽ, സി.കെ. ശശിധരൻ, ലിജിൻ ലാൽ, സണ്ണി തെക്കേടം, അസീസ് ബഡായി, എം.ടി. കുര്യൻ, സജി നൈനാൻ, ജിയാഷ് കരീം, എസ്.ഡി. സുരേഷ് ബാബു, മാത്യൂസ് ജോർജ്, സാജൻ ആലക്കുളം, അഡ്വ. പി.എസ്. ജെയിംസ്, ജില്ലാ സാമൂഹിക നീതി ഓഫീസർ ജോസഫ് റെബല്ലോ എന്നിവർ പങ്കെടുത്തു.

സാമൂഹിക നീതി വകുപ്പിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം എന്ന നിലയിൽ തോമസ് ചാഴികാടൻ എം.പി. നിർദ്ദേശിച്ച പ്രകാരമാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എല്ലാ ഭിന്നശേഷിക്കാർക്കും എ.ഡി.ഐ.പി. പദ്ധതിയിലൂടെ കേന്ദ്രസർക്കാർ സ്ഥാപനമായ ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ(അലിംകോ) 96 ലക്ഷം രൂപയുടെ സഹായ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നത്. അലിംകോ, സംസ്ഥാന സാമൂഹികനീതി വകുപ്പ്, കോട്ടയം, എറണാകുളം ജില്ലാ ഭരണകൂടം, ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ, ബ്ലോക്ക് പഞ്ചായത്തുകൾ, ജനപ്രതിനിധികൾ എന്നിവയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുത്ത 1258 പേർക്കാണ് ഒന്നാംഘട്ടത്തിൽ ഉപകരണങ്ങൾ വിതരണം ചെയ്യുക. 1258 ഗുണഭോക്താക്കളിൽ 493 സ്ത്രീകളും 765 പുരുഷന്മാരും ഉൾപ്പെടുന്നു. വീൽ ചെയർ, ട്രൈ സൈക്കിൾ, എൽബോ ക്രച്ചസ്, വാക്കിംഗ് സ്റ്റിക്ക്, സ്മാർട്ട് ഫോൺ, ശ്രവണസഹായി തുടങ്ങി 38 ഇനങ്ങളിലായി 2252 ഉപകരണങ്ങളാണ് വിതരണം ചെയ്യുക.
ഉദ്ഘാടനച്ചടങ്ങിൽ പാമ്പാടി, പള്ളം, ഏറ്റുമാനൂർ ബ്ലോക്കുകളിലെയും കോട്ടയം, ഏറ്റുമാനൂർ നഗരസഭയിലെയും ഗുണഭോക്താക്കൾക്കാണ് ഉപകരണങ്ങൾ നൽകിയത്. ളാലം, ഉഴവൂർ, കടുത്തുരുത്തി, വൈക്കം, മുളംതുരുത്തി, പാമ്പാക്കുട ബ്ലോക്കുകളിലെ ഗുണഭോക്താക്കളുടെ സൗകര്യാർത്ഥം അതത് ബ്ലോക്കുകളിൽ ഉപകരണങ്ങൾ നിശ്ചിത തീയതികളിൽ വിതരണം ചെയ്യും.
ജൂൺ ഏഴിന് ളാലം, പാലാ നഗരസഭ, ഒൻപതിന് വൈക്കം, 10ന് കടുത്തുരുത്തി, 13ന് ഉഴവൂർ, 14ന് മുളന്തുരുത്തി, 15ന് പാമ്പാക്കുട എന്നിവിടങ്ങളിലും ഉപകരണങ്ങൾ വിതരണം ചെയ്യും.

ഫോട്ടോ കാപ്ഷൻ

കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ 1258 പേർക്ക് എ.ഡി.ഐ.പി. പദ്ധതിയിലൂടെ നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബി.സി.എം. കോളജ് ഓഡിറ്റോറിയത്തിൽ കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി എ. നാരായണ സ്വാമി നിർവഹിക്കുന്നു.

കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ 1258 പേർക്ക് എ.ഡി.ഐ.പി. പദ്ധതിയിലൂടെ നൽകുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ചവിട്ടുവരി സ്വദേശിയായ എട്ടു വയസുകാരി ഭവ്യ പ്രശാന്തിന് ശ്രവണ സഹായി നൽകിയശേഷം കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി എ. നാരായണ സ്വാമി കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുന്നു. തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., മന്ത്രിമാരായ വി.എൻ. വാസവൻ, ഡോ. ആർ. ബിന്ദു, ജോസ് കെ. മാണി എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവർ സമീപം.

(കെ.ഐ.ഒ.പി.ആർ 1348/2022) 

date