Skip to main content

ബ്ലോക്ക് തല ആരോഗ്യമേളകൾ സമാപിച്ചു; 12,768 പേർക്ക് സൗജന്യചികിത്സ

കോട്ടയം: സൗജന്യആരോഗ്യ സേവനങ്ങളൊരുക്കി ജില്ലയിൽ മേയ് 25 മുതൽ ബ്ലോക്കുപഞ്ചായത്തുകളും ആരോഗ്യവകുപ്പും ചേർന്ന് സംഘടിപ്പിച്ച ബ്ലോക്കുതല ആരോഗ്യമേളകൾ സമാപിച്ചു. 11 ബ്ലോക്കുകളിലായി നടത്തിയ മേളകളിലൂടെ 12,768 പേർ ചികിത്സനേടി.
ഇതു കൂടാതെ 127 പേർ ടെലി മെഡിസിനിലൂടെ സ്പെഷലിസ്റ്റ് ചികിത്സ നേടി. 3181 പേർ പ്രമേഹം, 2948 രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ നേടി. 1252 പേർ കണ്ണ്, തിമിരം പരിശോധനയും നടത്തി. രക്തപരിശോധനയിൽ നാല് ഗർഭിണികളിൽ മഞ്ഞപ്പിത്തം-ബി കണ്ടെത്തി. 823 പേരെ ക്ഷയരോഗം, 161 പേരെ വായിലെ കാൻസർ എന്നിവയ്ക്കായി സ്‌ക്രീനിംഗ് നടത്തിയെങ്കിലും ആരിലും രോഗം സ്ഥിരീകരിച്ചില്ല.

മേളകളിൽ അലോപ്പതിക്കുപുറമേ ആയുർവേദ ഹോമിയോ വകുപ്പുകളുടെ ചികിത്സാ സ്റ്റാളുകളും യോഗ ക്ലാസുകളും സംഘടിപ്പിച്ചു. സ്റ്റാളുകളിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം, വിളർച്ച, ഗർഭനിരോധം, പ്രതിരോധകുത്തിവയ്പ്, പകർച്ചവ്യാധികൾ, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയവ വിഷയങ്ങളിൽ പ്രദർശനം ഒരുക്കി. 522 പേർക്ക് പ്രത്യേക ആരോഗ്യ ഐഡന്റിറ്റി കാർഡ് (യു.എച്ച്.ഐ.ഡി) വിതരണം ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈൽ പരിശോധന ലാബുപയോഗിച്ച് വെള്ളം, പാൽ, എണ്ണ, മീൻ തുടങ്ങിയവയിലെ മായം കണ്ടെത്താനുള്ള പരിശോധന നടത്തി. ആയുഷ്മാൻ ഭാരത്, കാരുണ്യ തുടങ്ങി ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ സംശയനിവാരണത്തിനുള്ള പ്രത്യേക സ്റ്റാളും സജ്ജീകരിച്ചിരുന്നു.

മേളകളോട് അനുബന്ധിച്ച്  മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം കൂടി നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യാൻ  നടപ്പാക്കുന്ന ഏക ആരോഗ്യം പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനങ്ങളും നടന്നു. മേളകളോടനുബന്ധിച്ചു ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാപ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പു ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വിളംബര ജാഥയും സംഘടിപ്പിച്ചു.  സംസ്ഥാനത്ത് ബ്ലോക്ക് ആരോഗ്യമേളകൾ പൂർത്തിയാക്കുന്ന ആദ്യ ജില്ലയായി കോട്ടയം.  

(കെ.ഐ.ഒ.പി.ആർ 1349/2022) 

date