Skip to main content

പെണ്‍കുട്ടികള്‍ക്ക് കരുത്തേകാന്‍ ജില്ലയിലും ധീര പദ്ധതി ലക്ഷ്യം സ്വയം സുരക്ഷയും ആത്മവിശ്വാസം വളര്‍ത്തലും

ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് പെണ്‍കുഞ്ഞുങ്ങളെ 'ധീര'കളാക്കാന്‍ പദ്ധതിയൊരുക്കി വനിതാശിശുവികസന വകുപ്പ്. അതിക്രമ സാഹചര്യങ്ങളില്‍ വനിതകള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നല്‍കുന്നതിനും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് 'ധീര' പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ പൈവളിഗെ, കുറ്റിക്കോല്‍, അജാനൂര്‍ പഞ്ചായത്തുകളിലാണ് ധീര പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. 10 മുതല്‍ 15 വയസ്സുവരെയുള്ള 30 പെണ്‍കുട്ടികളെ വീതം ഓരോ പഞ്ചായത്തിലും പരിശീലനത്തിനായി തെരഞ്ഞെടുക്കും. ജില്ലാതലത്തില്‍ തിരഞ്ഞെടുത്ത 90 പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ആര്‍ജ്ജിക്കാനുള്ള 10  മാസത്തെ പരിശീലനം ഉറപ്പാക്കും . അതത് തദ്ദേശ സ്ഥാപനങ്ങളിലെ അംഗണവാടികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന  കൗമാര ക്ലബ്ബുകള്‍ വഴി പ്രാഥമിക അന്വേഷണം നടത്തി തയാറാക്കിയ പട്ടികയില്‍നിന്ന് ജില്ലാ വനിതാ ശിശു വികസന ഓഫിസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്. രക്ഷിതാക്കളെ നഷ്ടമായവര്‍, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍, അരക്ഷിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന.
ജില്ലാതലത്തിലോ പ്രാദേശിക തലത്തിലോ ആയോധനകലകള്‍ അഭ്യസിപ്പിക്കുന്ന പരിശീലകര്‍, സംഘടനകള്‍, പോലീസ് വകുപ്പില്‍ പരിശീലനം ലഭിച്ചവര്‍ തുടങ്ങിയവരില്‍ നിന്ന് ധീരയിലേക്ക് പരിശീലകരെ കണ്ടെത്തിക്കഴിഞ്ഞു.
അതത് തദ്ദേശ സ്ഥാപനങ്ങളിലെ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പരിശീലനം നല്‍കും.   സംസ്ഥാനത്തു പദ്ധതിക്കായി  ആകെ 68 ലക്ഷം രൂപ സര്‍ക്കാര്‍ നീക്കി വെച്ചിട്ടുണ്ട്. ശനി , ഞായര്‍ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളോടെ ആഴ്ചയില്‍ നാല് മണിക്കൂര്‍ ക്ലാസ് നല്‍കും. മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ചു ബോധവത്ക്കരണം നല്‍കുക, സ്വയം രക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. . കുട്ടികളെയും പരിശീലകരെയും കണ്ടെത്തികഴിഞ്ഞതിന് ശേഷം ആയോധനകലയ്ക്ക് അനുയോജ്യമായ യൂണിഫോം വിതരണം ചെയ്യും. കരാട്ടെ, തയ്‌ക്കൊണ്ടോ എന്നീ ആയോധനകലകളാണ് കാസര്‍കോട് ജില്ലയില്‍ അഭ്യസിപ്പിക്കുക. ഓരോ ദിവസത്തെയും പരിശീലനത്തിന് ശേഷം പോഷക സമൃദ്ധമായ  ആഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കും. കുട്ടികളെ തെരഞ്ഞെടുത്തതിന് ശേഷം ജൂണ്‍ 18 ഓടെ മൂന്ന് പഞ്ചായത്തുകളിലും പരിശീലന പരിപാടികള്‍ ആരംഭിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി.എ ബിന്ദു പറഞ്ഞു.

date