Skip to main content

സംയോജിത പട്ടികവര്‍ഗ വികസന പദ്ധതിക്ക് ഇന്ന് തുടക്കം

നിലമ്പൂര്‍ മേഖലയിലെ ചാലിയാര്‍, അമരമ്പലം, കരുളായി, മൂത്തേടം ഗ്രാമപഞ്ചയാത്തുകളിലെ 375 ആദിവാസി കുടുംബങ്ങള്‍ക്ക് സുസ്ഥിരവരുമാനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന സംയോജിത പട്ടികവര്‍ഗ  വികസന പദ്ധതിക്ക് ഇന്ന് (ജൂണ്‍ ഏഴ്) തുടക്കമാകും. നബാര്‍ഡ് ധനസഹായത്തോടെ  ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നബാര്‍ഡിന്റെ പട്ടിക വര്‍ഗവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 2.67 കോടി രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചിരിക്കുന്നത്. ആടുവളര്‍ത്തല്‍, കുരുമുളക് കൃഷി, ഔഷധ സസ്യകൃഷി , വനവിഭവങ്ങുടെ മൂല്യ വര്‍ധനവും വിപണനവും, കലാകായിക പ്രോത്സാഹനം, വിദ്യാഭ്യാസ പ്രോത്സാഹനം തുടങ്ങിയ എല്ലാ മേഖലകളെയും പരിപോഷിപ്പിക്കാനാണ്  പദ്ധതി ലക്ഷ്യമിടുന്നത്. ഇടനിലക്കാരില്ലാതെ പദ്ധതി ആദിവാസി വിഭാഗങ്ങള്‍ തന്നെ നേരിട്ട് നടപ്പാക്കുന്നുവെന്നതാണ് പ്രത്യേകത.  പദ്ധതി കാലയളവില്‍ കാര്‍ഷിക കമ്പനിയായി രൂപാന്തരപ്പെടുത്തുകയും സുസ്ഥിരമായ വികസനം സാധ്യമാക്കുകയും ചെയ്യാം. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ( ജൂണ്‍ ഏഴിന് ) കരുളായി ഗ്രാമപഞ്ചായത്തിലെ നെടുങ്കയം കോളനിയില്‍ പി.വി അബ്ദുള്‍ വഹാബ് എം.പി നിര്‍വഹിക്കും. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ഗോപകുമാരന്‍ നായര്‍ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് നെടുങ്കയം വില്ലേജില്‍ 3000 കുരുമുളക് തൈകള്‍ കൃഷി ചെയ്യും. പദ്ധതിക്ക് കീഴില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും പരിശീലനവും തൊഴിലും നല്‍കും.

date