Skip to main content

പദ്ധതി രൂപീകരണം; കൂട്ടായ പ്രവര്‍ത്തനം അനിവാര്യം-  മന്ത്രി എം വി ഗോവിന്ദന്‍

വികസന പദ്ധതികള്‍ രൂപീകരിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടന്ന ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തമായി പല പദ്ധിതകളും നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പം ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ പരസ്പര പൂരകമായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫണ്ട് ചെലവഴിക്കല്‍ മാത്രമല്ല, വരുമാനം കണ്ടെത്തി സ്വയം പര്യാപ്തമാകണം. എന്നാല്‍ ചില തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായി നികുതി പിരിക്കാന്‍ പോലും തയ്യാറാകുന്നില്ല. നീതി ആയോഗിന്റെ കണക്ക് പ്രകാരം പട്ടിണി കുറഞ്ഞ സംസ്ഥാനമാണ് കേരളം. എങ്കിലും സംസ്ഥാനത്തെ മുഴുവന്‍ അതി ദരിദ്രരെയും സര്‍ക്കാര്‍ പഠനത്തിലൂടെ കണ്ടെത്തി. ചികിത്സിക്കാന്‍ മാര്‍ഗമില്ലാത്തവരും സാമ്പത്തിക സ്രോതസില്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. സൂക്ഷ്മമായി പരിശോധിച്ച് ഇവരെ പൊതു സമൂഹത്തിന്റെ ഭാഗമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂട്ടായ ഉത്തരവാദിത്വമുണ്ട്. നാല് വര്‍ഷം കൊണ്ട് അതിദരിദ്രരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.  
വികസന രേഖ പ്രകാശനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എക്ക് നല്‍കി മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ കരട് പദ്ധതിരേഖ അവതരിപ്പിച്ചു.  ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അഡ്വ. കെ കെ രത്നകുമാരി, ജില്ലാ പഞ്ചയാത്തംഗം തോമസ് വക്കത്താനം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ഇ എന്‍ സതീഷ് ബാബു എന്നിവര്‍ സംബന്ധിച്ചു

date