Skip to main content

സമഗ്ര വിവരങ്ങള്‍ക്ക് വിവര സഞ്ചയിക; കാന്‍സറിനോട് പൊരുതാന്‍ ഫൈറ്റ് കാന്‍സര്‍

ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍

സമഗ്രമായ പദ്ധതി ആസൂത്രണത്തിന് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള കണ്ണൂര്‍ വിവര സഞ്ചയിക'പദ്ധതി  നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനം.  ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ അവതരിപ്പിച്ച കരട് നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശീകാസൂത്രണം കാര്യക്ഷമമാക്കാന്‍ ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെയും സ്ഥിതിവിവര കണക്കുകള്‍ സമാഹരിച്ചാണ് വിവര സഞ്ചയിക എന്ന പേരില്‍ ഡാറ്റാ ബേങ്ക് രൂപീകരിക്കുക. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഏതുസമയത്തും വിവരം ലഭ്യമാകുന്ന രീതിയിലായിരിക്കും ക്രമീകരണം. ആറ് മേഖലകളില്‍ സംയുക്ത പദ്ധതി നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശിച്ചിരുന്നു.
സമഗ്ര കാന്‍സര്‍ നിയന്ത്രണത്തിനായി ജില്ലാ തലത്തില്‍ കണ്ണൂര്‍ ഫൈറ്റ് കാന്‍സര്‍ പദ്ധതി നടപ്പാക്കും. വാര്‍ഡ്തല സര്‍വേ, ബോധവല്‍ക്കരണം, പ്രാഥമിക സ്‌ക്രീനിങ് ക്രമീകരിക്കല്‍ തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി നടത്തുക. ഓരോ പ്രദേശത്തും അതത് തദ്ദേശ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പാക്കുക.  സമ്പൂര്‍ണ്ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയിലൂടെ ജില്ലയിലെ അമ്പത് വയസില്‍ താഴെയുള്ള എല്ലാവരെയും പത്താംതരം യോഗ്യതയുള്ളവരാക്കും. പൊതുയിടങ്ങളില്‍ മാലിന്യം തള്ളുന്നത് തടയാന്‍ ഓരോ തദ്ദേശസ്ഥാപന പരിധിയിലും അഞ്ചു വീതം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ടൂറിസം വകുപ്പുമായി ചേര്‍ന്ന് പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവയെല്ലാം നടപ്പാക്കുക.
ലഹരി ഉപയോഗത്തിനെതിരേ ബോധവല്‍ക്കരണം, ലിംഗ പദവി പഠനം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി, നെല്‍കൃഷി വ്യാപിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് ധനസഹായം തുടങ്ങിയവയും കരട് പദ്ധതിയായി നിര്‍ദ്ദേശിച്ചു

date