Skip to main content

സ്‌കൂളുകളില്‍ പരിശോധന തുടങ്ങി അധ്യാപകര്‍ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിനു പിന്നാലെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്‌കൂളുകളില്‍ പരിശോധന തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിശോധന നടത്തി.
സ്‌കൂളുകളില്‍ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കി ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. അഴീക്കോട് സ്‌കൂളിലെത്തിയ സംഘം പാചകപുരയും ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും ഭക്ഷണശാലയും പരിശോധിച്ചു. ജില്ലയിലെ എല്ലാ അധ്യാപകര്‍ക്കും സ്‌കൂള്‍ പാചകശാലയില്‍ നിന്നു ഭക്ഷണം കഴിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്‌കൂളുകളില്‍ പരിശോധന നടത്തും. തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍ സ്‌കൂള്‍ ഭക്ഷണ വിതരണം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തണമെന്നും  പി പി ദിവ്യ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി സരള, യു പി ശോഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. അഴീക്കോട് സ്‌കൂളിന്റെ ഭക്ഷണ വിതരണ സംവിധാനത്തില്‍ തൃപ്തി രേഖപ്പെടുത്തിയ സംഘം സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്

date