Skip to main content
തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപ്പാസ്  രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ - ജനപ്രതിനിധി സംഘം  എത്തിയപ്പോൾ

തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപ്പാസ്' നിര്‍മ്മാണം അടുത്തഘട്ടത്തിലേക്ക് ; രണ്ടാം റീച്ചിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

 

കോതമംഗലത്തിന്റെ ഏറെ കാലത്തെ സ്വപ്‌നമായ 'തങ്കളം - കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ' യാഥാര്‍ത്ഥ്യത്തിലേക്ക് ഒരു പടികൂടി അടുക്കുകയാണ്. ബൈപ്പാസിന്റെ രണ്ടാം റീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. തങ്കളം മുതല്‍ കോഴിപ്പിള്ളി വരെ നീളുന്ന പാതയാണ് നിര്‍ദിഷ്ട 'തങ്കളം - കോഴിപ്പിള്ളി ന്യൂ  ബൈപ്പാസ് '.
ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിച്ചിരുന്നു.

ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് 14.5 കോടിയാണ് ചെലവ് വരുന്നത്. ഈ തുക കഴിഞ്ഞ സര്‍ക്കാരിന്റെ 2019 - 20 സംസ്ഥാന ബഡ്ജറ്റില്‍ അനുവദിക്കുകയും ചെയ്തിരുന്നു.
ആകെ 2.8 കിലോമീറ്റർ ദൂരത്തിൽ
 രണ്ട് റീച്ചുകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. തങ്കളം മുതല്‍ കലാ ഓഡിറ്റോറിയം വരെയുള്ള ഒരു കിലോമീറ്റർ  ആദ്യ റീച്ചും, കലാ ഓഡിറ്റോറിയം മുതല്‍ കോഴിപ്പിള്ളി വരെയുള്ള 1.8 കിലോമീറ്റർ രണ്ടാം റീച്ചും. ആദ്യ റീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം മുമ്പേ ആരംഭിച്ചിരുന്നു. നാലര കോടി രൂപയാണ് ആദ്യ റീച്ചിനായി വകയിരുത്തിയത്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ അവസാന ഘട്ടത്തിലാണ്.
 
ഈ സാഹചര്യത്തിലാണ് രണ്ടാം റീച്ചായ കലാ ഓഡിറ്റോറിയം മുതല്‍ കോഴിപ്പിള്ളി വരെയുള്ള ഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. പത്ത് കോടി രൂപയാണ്  രണ്ടാം റീച്ചിന്റെ നിര്‍മാണത്തിന് ചെലവഴിക്കുന്നത്.  ബി.എം & ബി.സി നിലവാരത്തിലാണ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നത്. കള്‍വര്‍ട്ട്, ഡ്രൈനേജ്, നടപ്പാത, ട്രാഫിക് സുരക്ഷാ സംവിധാനങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി ആധുനിക നിലവാരത്തിലാണ് റോഡ് ഒരുക്കുന്നത്.

ഈ പദ്ധതി  പൂര്‍ത്തീകരിക്കുന്നതോടുകൂടി ഒരു റിങ്ങ് റോഡ് എന്ന കോതമംഗലത്തിന്റെ ആവശ്യം നിറവേറും.  കോതമംഗലത്തെ ഗതാഗത കുരിക്കിന്  വലിയതോതില്‍ പരിഹാരമാകാനും വികസന കുതിപ്പിന്  കരുത്തേകാനും  ഈ പദ്ധതി സഹായിക്കും.ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ റോഡ് കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങളുടെ എല്ലാവിധ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ - ജനപ്രതിനിധി സംഘം വിലയിരുത്തുകയുണ്ടായി.  മുനിസിപ്പല്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എ നൗഷാദ്, കെ.വി തോമസ്, കൗണ്‍സിലര്‍മാരായ കെ.എ ഷിനു , അഡ്വ. ഷിബു കുര്യാക്കോസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.എസ് അരുണ്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

date