Skip to main content

ക്ലീന്‍ കൂടോത്തുമ്മല്‍; ജനകീയ ശുചീകരണം നടത്തി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിനിന്റെ ഭാഗമായി കണിയാമ്പറ്റ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ കൂടോത്തുമ്മല്‍ ടൗണ്‍ ജനകീയമായി ശുചീകരണം നടത്തി. ദര്‍ശന ലൈബ്രറിയുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് എന്നിവര്‍ സംയുക്തമായി നടത്തിയ ക്യാമ്പയിനിന്റെ ഉദ്ഘാടനം ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു നിര്‍വ്വഹിച്ചു. ശുചീകരണത്തിന്റെ ഭാഗമായി 4 ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പും വൃത്തിയുള്ള പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, പേപ്പര്‍, കൂടികലര്‍ന്ന മാലിന്യം എന്ന രീതിയില്‍ മാലിന്യങ്ങള്‍ ശേഖരിച്ചു.  7 ചാക്ക് പ്ലാസ്റ്റിക് കുപ്പികള്‍, 2 ചാക്ക് പേപ്പര്‍, ഒരു ചാക്ക് പ്ലാസ്റ്റിക് കവറുകള്‍, 30 ചാക്ക് കൂടികലര്‍ന്ന മാലിന്യങ്ങള്‍ എന്നിവ ശേഖരിച്ചു. കൂടോത്തുമ്മല്‍ ടൗണ്‍ സംരക്ഷണ പദ്ധതിയുടെ ഭാഗമായി 30 അംഗങ്ങള്‍ അടങ്ങുന്ന കര്‍മസേന രുപീകരിക്കും. സേനാംഗങ്ങള്‍ ഓരോ ആഴ്ച കൂടുമ്പോഴും ടൗണ്‍ ശുചീകരിച്ച് വൃത്തിയാക്കി നിലനിര്‍ത്തും.
ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ടൗണിലെ കടകളിലെ അജൈവ മാലിന്യങ്ങള്‍ പ്ലാസ്റ്റിക്, പേപ്പര്‍ എന്നിങ്ങനെ തരം തിരിച്ചു പ്രത്യേക ബിന്നുകളിലായി ശേഖരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറും. വാര്‍ഡ് മെമ്പര്‍മാര്‍, ദര്‍ശന ലൈബ്രറി ഭാരവാഹികള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ് ഭാരവാഹികള്‍, ഓട്ടോ തൊഴിലാളികള്‍, വ്യാപാരികള്‍, പ്രദേശവാസികള്‍, ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date