Skip to main content

പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നടുന്നതു പോലെ തന്നെ തുടര്‍പരിപാലനവും ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നടുന്നതു പോലെ തന്നെ അവയുടെ തുടര്‍ പരിപാലനവും ആവശ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്റെ ഏകോപനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ നവകേരളം പച്ചത്തുരുത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് സാംസ്‌കാരിക നിലയത്തിലെ അഞ്ച് സെന്റ് സ്ഥലത്ത് തൈ നട്ടു തുടക്കം കുറിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവജാലങ്ങള്‍ക്ക് ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പരിസ്ഥിതിയെ സംരക്ഷിക്കണം.  മരങ്ങള്‍ നശിപ്പിക്കുകയും നീരുറവകളുടെ ഒഴുക്ക് നിലയ്ക്കുകയും ചെയ്യുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. അതില്‍ നിന്നും ഭൂമിയെ രക്ഷിക്കാന്‍ വേണ്ടിയാണ് പച്ചത്തുരുത്ത് പദ്ധതി. ഇതുപോലെ എല്ലായിടത്തും പച്ചത്തുരുത്തുകള്‍ വരണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

 

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സോഷ്യല്‍ ഫോറസ്ട്രി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അതിജീവനത്തിന്റെ ജൈവ വൈവിധ്യങ്ങള്‍ എന്ന ലക്ഷ്യവുമായി ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ, സന്നദ്ധ സംഘടനകളുടെയോ, പൊതുസ്ഥാപനങ്ങളുടെയോ, വകുപ്പുകളുടെയോ, വ്യക്തികളുടെയോ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും മറ്റ് സസ്യങ്ങളും ഉള്‍പ്പെടുത്തി മനുഷ്യ നിര്‍മിത ചെറുവനങ്ങള്‍ സൃഷ്ടിക്കുകയാണ് പച്ചത്തുരുത്തിന്റെ ലക്ഷ്യം.

 

തദ്ദേശ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പരിപാലനവും ഉറപ്പ് വരുത്തും. ജില്ലയില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അരുവാപ്പുലം, മൈലപ്ര, അയിരൂര്‍, ഇലന്തൂര്‍, ചെറുകോല്‍, കോഴഞ്ചേരി, ആറന്‍മുള, കിടങ്ങന്നൂര്‍ പള്ളിമുക്കം ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ പച്ചത്തുരുത്തിന്റെ നടീല്‍ ഉത്സവം നടന്നു.
ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ഏഴംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷത വഹിച്ചു.  യോഗത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ജയന്‍,  ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ. താജുദീന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ജോര്‍ജ്, ജനപ്രതിനിധികള്‍, ബേബി ലീന, രജിത ജയ്‌സണ്‍, ആര്‍. ശോഭ, ലിജി ഷാജി, എ.എസ്. ഷമിന്‍, സൂപ്രണ്ട് ചന്ദ്രബോസ്, കൃഷി ഓഫീസര്‍ അനുശ്രീ, ഹരിത കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഐസക്ക് സെബാസ്റ്റിയന്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ  വിശ്വനാഥന്‍ ആചാരി, ആതിര ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

date