Skip to main content
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

പുതിയ കാലത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ  പര്യാപ്‌തമാകണം പദ്ധതികൾ: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ  വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു

 

വൈപ്പിൻ: വരുന്ന കാൽനൂറ്റാണ്ടുകാലത്തെ മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ നൂതന പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നതിന് പൂരകമായ വിധത്തിൽ പുതിയ കാലത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ പര്യാപ്‌തമായ വികസന സാമൂഹ്യക്ഷേമ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ ആസൂത്രണം ചെയ്യണമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. പ്രദേശത്തിന്റെ പ്രത്യേകതകളും ആവശ്യകതകളുമാണ് അതിന് ആധാരമാക്കേണ്ടത്. ഇതിനായി ജനങ്ങളുടെ പങ്കാളിത്തം സമഗ്രമായ ചർച്ചകളിലൂടെ  പ്രയോജനപ്പെടുത്തണമെന്നും എംഎൽഎ പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വാർഷിക പദ്ധതി രൂപീകരണത്തിന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എൻ ഉണ്ണിക്കൃഷ്ണൻ.

 അതിജീവനതയുടെ വൈപ്പിൻ മാതൃക എന്ന സന്ദേശവുമായി സംഘടിപ്പിച്ച സെമിനാറിലെയും ഗ്രാമസഭകളിലെയും ചർച്ചകളിൽ ഒരു ബ്ലോക്ക് വാർഡിൽ ഒരു വീടെങ്കിലും നിർമ്മിച്ചുനൽകുന്ന പദ്ധതിക്ക് രൂപം നൽകി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മാതൃക കാട്ടണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.

നെല്ല്, തെങ്ങ്, ജൈവ പച്ചക്കറി, ഇടവിളകൾ, മത്സ്യം, ക്ഷീര കാർഷിക മേഖലകൾക്ക് ഊന്നൽ നൽകണം. ഭിന്നശേഷിക്കാരുടെയും സ്ത്രീകളുടെയും ശാക്തീകരണത്തിനും വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും സാന്ത്വനത്തിനും അർഹമായ പരിഗണനയുണ്ടാകണം. മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണം, കുടിവെള്ളം, മാലിന്യനിർമ്മാർജ്ജനം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ കാലാനുസൃത നവീകൃത പദ്ധതികൾക്ക് രൂപം നൽകണമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ സാജിത്ത് പദ്ധതി വിശദീകരിച്ച് ആമുഖ പ്രഭാഷണം നടത്തി. ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ. കെ.കെ ജോഷി വികസന കാഴ്‌ചപ്പാട്‌ അവതരിപ്പിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ സുബോധ ഷാജി കരട് പദ്ധതി രേഖ അവതരിപ്പിച്ചു. 

പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ, ബ്ലോക്ക് അംഗങ്ങളായ ജിജി വിൻസെന്റ്, ഇ.കെ ജയൻ, ഇ .പി ഷിബു, ഷെന്നി ഫ്രാൻസിസ്, അഡ്വ. പി.എൻ തങ്കരാജ്, അഗസ്റ്റിൻ മണ്ടോത്ത്‌, ഷിൽഡ റിബേരോ, സുജ വിനോദ്, ട്രീസ ക്ളീറ്റസ്, ശാന്തിനി പ്രസാദ്, സെക്രട്ടറി ശ്രീദേവി കെ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

date