Skip to main content

ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡ് ; തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രജിസ്ട്രേഷൻ ഹെൽപ്ഡെസ്കുകൾ ആരംഭിക്കും

 

ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡ് വിതരണം വേഗത്തിലാക്കുന്നതിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക്കുകൾ ആരംഭിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക്ക് നിര്‍ദ്ദേശം നൽകി. ഭിന്നശേഷിക്കാർക്കുള്ള സ്വാവലംബൻ പോർട്ടലിലേക്കുള്ള രജിസ്ട്രേഷൻ വേഗത്തിലാക്കുന്നതു ചർച്ച ചെയ്യുന്നതിനായി ചേർന്ന തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ചു ദിവസത്തിനുള്ളിൽ ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാരുടെയും  രജിസ്ട്രേഷൻ പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ക്യാമ്പയിനുകൾ സംഘടിപ്പിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന ഹെൽപ് ഡസ്ക്കുകളിലെ പ്രവർത്തനങ്ങൾക്കും ഭിന്നശേഷിക്കാരായ ആളുകൾക്ക് ഹെല്പ് ഡസ്ക്കിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനും  ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ചുമതലപ്പെടുത്തും. നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകും.  സ്വാവലംബൻ പോർട്ടലിലേക്കുള്ള രജിസ്ട്രേഷൻ സംബന്ധിച്ച് കേരള സാമൂഹിക സുരക്ഷ മിഷന്റെ നേതൃത്വത്തിൽ അക്ഷയ ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകും. ബഡ്സ് സ്കൂളുകളിലെ ജീവനക്കാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 

ജില്ലയിലാകെ 75000 ഭിന്നശേഷിക്കാരായ ആളുകൾ ഉണ്ടെന്നാണ് സാമൂഹിക നീതി വകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ 28000 പേർ മാത്രമാണ് സവിശേഷ തിരിച്ചറിയൽ കാർഡിനായി അപേക്ഷിച്ചിട്ടുള്ളത്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉള്ളവർ തിരിച്ചറിയൽ കാർഡിന് വേണ്ടിയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിനും തിരിച്ചറിയൽ കാർഡിനും വേണ്ടിയാണ് അപേക്ഷ സമർപ്പിക്കുന്നത്.
ഒറ്റത്തവണ രജിസ്ട്രേഷൻ മാത്രമാണ് നടക്കുന്നത് .മുൻപ് അപേക്ഷ നൽകിയിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല . www.swavlambancard.gov.in എന്ന വിലാസത്തിൽ നേരിട്ട് ഓൺലൈൻ ആയി അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കുന്നവർക്ക് 30 രൂപ ഫീസ് ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോ, ഒപ്പ് അല്ലെങ്കിൽ വിരലടയാളം, ആധാർ കാര്‍ഡ് അല്ലെങ്കിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, മെഡിക്കൽ സർട്ടിഫിക്കറ്റ്(ലഭ്യമായെങ്കിൽ) എന്നിവ രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷൻ സംബന്ധിച്ച കേരള സാമൂഹ്യ സുരക്ഷ മിഷൻ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയൽ കേരള സാമൂഹ്യ സുരക്ഷ മിഷൻ ഫേസ്ബുക് പേജിലും യൂട്യൂബിലും ലഭ്യമാണ്.

യോഗത്തിൽ ജില്ല വികസന കാര്യ കമ്മീഷണർ എ.ഷിബു, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കെ ഉഷ, സാമൂഹ്യ സുരക്ഷ മിഷൻ  ജില്ലാ കോ- ഓർഡിനേറ്റർ എബി എബ്രഹാം, സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസ്‌ എബിലിറ്റീസ് സംസ്ഥാന പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഡാലിയ സി.ജോസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറും സ്വാവലംബൻ നോഡൽ ഓഫീസറു(ആരോഗ്യം)മായ ഡോ. സിസി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വി.പി ജോയ്, വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാർ തുടങ്ങിയവർ  പങ്കെടുത്തു.

date