Skip to main content

ഞാറനീലി അംബേദ്കര്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി നിയമസഭാ സമിതി

**അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കും

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ കേരള നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച സമിതി സന്ദര്‍ശനം നടത്തി. സ്‌കൂളിന്റെ നിലവിലെ പ്രവര്‍ത്തനവും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ സമിതി അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും സമിതി തൃപ്തി രേഖപ്പെടുത്തി. സ്‌കൂളിന്റെ അക്കാദമിക് നിലവാരം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ വേണ്ട ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു.  എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ശശി, ഒ.എസ് അംബിക, വി.ആര്‍ സുനില്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

2003 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളില്‍ ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ വിവിധ ജില്ലകളില്‍ നിന്നായി 326 കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും വിദ്യാലയത്തിലുണ്ടെന്ന് സമിതി വിലയിരുത്തി. മികച്ച രീതിയിലുള്ള ക്ലാസുകളും താമസ സൗകര്യവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം വര്‍ദ്ധിപ്പിക്കാനായി ഹയര്‍ സെക്കന്ററിയില്‍ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കാനും, അത്യാധുനിക സൗകര്യമുള്ള കളിസ്ഥലം, എല്ലാ കുട്ടികള്‍ക്കും ഒരുമിച്ചിരിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയം എന്നിവ നിര്‍മ്മിക്കാനുമുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറും. കൂടാതെ സ്‌കൂളില്‍ സ്ഥിര അദ്ധ്യാപകരെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സമിതി അറിയിച്ചു. ഓരോ ക്ലാസുകളിലും സന്ദര്‍ശനം നടത്തിയ സമിതി അംഗങ്ങള്‍ കുട്ടികളോട് പഠിച്ച് മിടുക്കന്മാരാകണമെന്നും നാടിന് അഭിമാനമാകണമെന്നും ഉപദേശിക്കാനും മറന്നില്ല. കുട്ടികള്‍ താമസിക്കുന്ന മുറികളും സന്ദര്‍ശിച്ച് കുട്ടികളോടൊപ്പം ഭക്ഷണവും കഴിച്ചാണ് സമിതി മടങ്ങിയത്.

അവലോകന യോഗത്തില്‍ പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, നിയമസഭാ അഡീഷണല്‍ സെക്രട്ടറി കെ.സുരേഷ് കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ദുര്‍ഗാ മാലതി തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

date