Skip to main content

പത്ത് മാസത്തിനുള്ളിൽ 10 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകി : മന്ത്രി റോഷി അഗസ്റ്റിൻ

**അമ്മാനൂർകോണം ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി യഥാർഥ്യമായി

കഴിഞ്ഞ 10 മാസത്തിനുള്ളിൽ സംസ്ഥാനത്ത്  10 ലക്ഷം കുടിവെള്ള  കണക്ഷനുകൾ  നൽകാൻ സാധിച്ചുവെന്ന്
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അമ്മാനൂർകോണം ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയിരുന്നു മന്ത്രി. അടുത്ത നാല് വർഷത്തിനുള്ളിൽ  40 ലക്ഷം കണക്ഷനുകൾ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത് വഴി എല്ലാ കുടുംബങ്ങൾക്കും പൈപ്പ് ലൈൻ വഴി കുടിവെള്ളം എത്തിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.   എല്ലായിടത്തും സമീപകാലത്തായി ഭൂഗർഭജലം കുറയുന്നത് ഗൗരവമായി കാണേണ്ടതുണ്ട്.  അടുത്ത 20 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ശുദ്ധജല ക്ഷാമം ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് മുന്നിൽകണ്ടാണ്  2024-25 ആകുമ്പോൾ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

അമ്മാനൂർകോണം ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി വഴി പ്രദേശത്തെ 55 ഓളം കുടുംബങ്ങൾക്ക്   നേരിട്ട് ഗാർഹിക കണക്ഷനുകൾ  നൽകി. ഭൂജലവകുപ്പിന്റെ 2021-22 സാമ്പത്തിക വർഷത്തെ  ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി ഫണ്ടിൽ നിന്നും 8,04,833 രൂപ ചെലവഴിച്ചാണ് കുഴൽക്കിണർ നിർമ്മാണവും മിനി ജലവിതരണ പദ്ധതിയും പൂർത്തീകരിച്ചത്. ദീർഘനാളുകളായി പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ അമ്മാനൂർകോണം പ്രദേശത്തെ ജനങ്ങൾ അനുഭവിച്ചിരുന്ന  ശുദ്ധജലക്ഷാമത്തിന്  ഈ പദ്ധതി വഴി പരിഹരാമാകും.

കുടിവെളളക്ഷാമം അനുഭവപ്പെടുന്ന ഗ്രാമീണ മേഖലകളിൽ ചെറുകിട കുടിവെളള പദ്ധതികൾ നടപ്പിലാക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് അമ്മാനൂർകോണത്തും ഭൂജലവകുപ്പ് ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി നടപ്പിലാക്കിയിട്ടുളളത്.

അമ്മാനൂർകോണം സി.എസ്.ഐ.പാരിഷ്ഹാളിൽ  നടന്ന ചടങ്ങിൽ ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. മല്ലിക, ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി. സാമുവൽ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശശികല, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. വി സുരേഷ്,  ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

date