Skip to main content
ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത്‌ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിരിക്കുന്ന യന്ത്ര മാതൃകകൾ

വ്യവസായശാലകളിലെ അപകടങ്ങൾ ഒഴിവാക്കാൻ പരിശീലനകേന്ദ്രമൊരുക്കി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്‌സ് വകുപ്പ് അനുമതി ലഭ്യമായാൽ ഉടൻ പ്രവർത്തനം ആരംഭിക്കും

 

വ്യവസായശാലകളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരിശീലനവുമായെത്തുകയാണ് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്‌സ് വകുപ്പ്.
വ്യവസായശാലകളെ സുരക്ഷിത തൊഴിലിടങ്ങൾ ആക്കുന്നതിനുള്ള ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്‌സ് വകുപ്പിന്റെ എക്സ്പീരിയൻഷ്യൽ ലേണിംഗ് കേന്ദ്രം പ്രവർത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സർക്കാർ അനുമതി ലഭ്യമായാൽ ഉടൻ പരിശീലനം ആരംഭിക്കും.

റിഫൈനറി ഉപകരണങ്ങൾ മുതൽ വെൽഡിംഗ് വരെയുള്ള ചെറുതും വലുതുമായ നിരവധി ഉപകരണങ്ങളുടെ പരിശീലന സൗകര്യം ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്‌സ് വകുപ്പിന്റെ ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത്‌ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ എക്സ്പീരിയൻഷ്യൽ ലേണിംഗ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. തൊഴിലിടങ്ങളിലെ അപകട സാധ്യതകൾ, ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ വഴി പരിചയപ്പെടാനുള്ള സൗകര്യം ഇവിടെയുണ്ട്. കൂടാതെ അപകട സാധ്യത ഒഴിവാക്കാൻ ആവശ്യമായ സംവിധാനങ്ങൾ നേരിൽ കണ്ട് മനസിലാക്കാനും സാധിക്കും. വിദൂര സ്ഥലങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതിനായി ഓഡിയോ, വീഡിയോ ഇന്ററാക്റ്റീവ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഫാക്ടറിയിൽ അടിയന്തര സാഹചര്യമുണ്ടായാൽ പ്രവർത്തിപ്പിക്കേണ്ട സംവിധാനങ്ങൾ സ്കീമാറ്റിക് ഡിസ്പ്ലേ വഴി മനസിലാക്കാൻ സാധിക്കും. അപകടകരമായ യന്ത്രഭാഗങ്ങളിലേക്ക് ശരീര ഭാഗങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനുള്ള പ്രോക്സിമിറ്റി അലേർട്ട് സംവിധാനം, തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളിൽ താപനില, പുക എന്നിവ തിരിച്ചറിഞ്ഞ് തീ അണക്കാനുള്ള സംവിധാനം, റബ്ബർ മില്ലുകളിൽ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ, രാസപ്രവർത്തനത്തിലൂടെ പുറത്തെത്തുന്ന പുക, ഈർപ്പം എന്നിവ നിർമാർജനം ചെയ്യാനുള്ള സംവിധാനം എന്നിവ എക്സ്പീരിയൻഷ്യൽ ലേണിംഗ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിവിധ സുരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം മനസിലാക്കുന്നതിനായുള്ള മാതൃകകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കോൺവെയർ ബെൽറ്റുകളിൽ അപകടം ഉണ്ടാകാതെ മനസിലാക്കാനുള്ള സംവിധാനം, വെൽഡിം​ഗ് ജോലിക്കിടെ ഷോക്ക് ഏൽക്കാതിരിക്കാനുള്ള ക്രമീകരണം എന്നിവയും കേന്ദ്രത്തിൽ കണ്ട് മനസിലാക്കാൻ സാധിക്കും. എൽ.പി.ജി സിലിണ്ടറുകളുടെ കട്ട്‌ മോഡൽ, വിവിധ തരം പമ്പുകൾ, റിഗിങ് ഉപകരണങ്ങൾ എന്നിവ അപകട സാധ്യത പരമാവധി കുറയ്ക്കാൻ സഹായകമാവും.

കോവിഡ് സാഹചര്യം നിലനിന്നിരുന്നതിനാൽ ഉദ്ഘാടനം കഴിഞ്ഞ ശേഷവും കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. സർക്കാർ അനുമതി ലഭ്യമായാൽ ഉടൻ പ്രവർത്തനം തുടങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്‌സ് വകുപ്പ്

date