Skip to main content

ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം കഥക് നർത്തകി പത്മഭൂഷൺ ഗുരു കുമുദിനി ലാഖിയയ്ക്ക്

2021 ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം കഥക് നർത്തകി പത്മഭൂഷൺ ഗുരു കുമുദിനി ലാഖിയയ്ക്ക് നൽകും. കഥക് നൃത്തത്തിന്റെ അടവുകളെയും അഭിനയ തന്ത്രങ്ങളെയും കുറിച്ച് ഗഹനമായ ഗവേഷണം നടത്തുകയും നൃത്തരീതിയിലെ ചമയങ്ങൾ, രംഗവിതാനം, താളസന്നിവേശം എന്നിവയിൽ നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കരമന ഹരി വാർത്താ സമ്മേളത്തിൽ അറിയിച്ചു.
1930 ൽ അഹമ്മദാബാദിൽ ജനിച്ച കുമുദിനി ലാഖിയ 1964 ൽ ആരംഭിച്ച കാദംബ നൃത്ത പഠനശാല കഥക് നൃത്തത്തെ കൂടുതൽ ജനപ്രിയമാക്കി. 1990 - 91 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട്. 2010 ൽ പത്മഭൂഷൺ ബഹുമതിയും 2012 ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ടാഗോർ രത്‌ന അവാർഡും ലഭിച്ചു.
മൂന്നു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. രാജ്യത്തെ നടന കലകളുടെ വളർച്ചയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ മഹാപ്രതിഭകൾക്ക് കേരളം നൽകുന്ന ഉന്നത പുരസ്‌കാരമാണ് ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം. സാംസ്‌കാരിക വകുപ്പിന് വേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമമാണ് പുരസ്‌കാരം നൽകുന്നത്. ഇന്ത്യൻ ശാസ്ത്രീയ നൃത്ത പ്രതിഭയായ ഡോ. കമാലിനി ദത്ത് അധ്യക്ഷയായ  സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. മോഹിനിയാട്ടം പ്രതിഭ ഡോ.നീനാ പ്രസാദ്, നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 2447/2022

date