Skip to main content

ലഹരി വസ്തുക്കളുടെ കടത്ത്: ജില്ലാതല എന്‍കോര്‍ഡ് കമ്മിറ്റി യോഗം ചേര്‍ന്നു

നാര്‍ക്കോട്ടിക് മാഫിയയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും മയക്ക് മരുന്ന് വ്യാപനം നിയന്ത്രിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം കൊടുത്ത നാര്‍കോ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ മെക്കാനിസം (NCORD) കമ്മിറ്റിയുടെ ആദ്യ ജില്ലാതല യോഗം ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
   
മയക്ക് മരുന്ന് ഉപയോഗവും കടത്തും ഇല്ലാതാക്കുന്നതിനുള്ള വിവിധ നടപടികള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിനായി മയക്കുമരുന്ന് കടത്തിനെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ കമ്മിറ്റി അംഗങ്ങള്‍ കൃത്യമായി മനസിലാക്കിയിരിക്കണമെന്നും യോഗം തീരുമാനിച്ചു.

മയക്കുമരുന്ന് മാഫിയയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തിലാണ് എന്‍കോര്‍ഡ് മെക്കാനിസത്തിന് രൂപം കൊടുത്തിരിക്കുന്നത്.

ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണായും ജില്ലാ പോലീസ് മേധാവി കണ്‍വീനറായും ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ വനം വകുപ്പ് ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍, കസ്റ്റംസ്, ഡ്രഗ്‌സ്, പോര്‍ട്ട് തുടങ്ങിയവയുടെ ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.

ജില്ലയില്‍ അനധികൃതമായി കഞ്ചാവ്, കറുപ്പ് എന്നിവയുടെ കൃഷി നടക്കുന്നില്ലെന്ന്് പരിശോധിച്ച് ഉറപ്പു വരുത്താനും മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജില്ലയിലുടനീളം പ്രത്യേകിച്ച്,  സ്‌കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ അവബോധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ലഹരി ഉപയോഗം കൂടുതലായി കണ്ടു വരുന്ന സ്ഥലങ്ങളിലും മയക്കുമരുന്ന് ബോധവത്കരണ പരിപാടികള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കും. കൗണ്‍സിലിംഗ് സെന്ററുകള്‍, പുനരധിവാസം, മയക്കുമരുന്ന് വിമുക്ത കേന്ദ്രങ്ങള്‍ എന്നിവയുടെ ആവശ്യകതയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. എല്ലാമാസവും കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തും.

സബ് കളക്ടര്‍ എം. എസ് മാധവിക്കുട്ടി, ജില്ലാ പോലീസ് തിരുവനന്തപുരം (റൂറല്‍) മേധാവി ദിവ്യ. വി ഗോപിനാഥ്,  നര്‍ക്കോട്ടിക് ഡി.വൈ.എസ്.പി തിരുവനന്തപുരം(റൂറല്‍) രാശിത്.വി.റ്റി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date