Skip to main content

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പ്ലസ്വണ്‍ വിദ്യാര്‍ഥിനി ഇ.വി.ദേവനന്ദയുടെ വീട് കേരള നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി സന്ദര്‍ശിച്ചു  

കേരള നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി കാസര്‍കോട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.  അധ്യക്ഷന്‍ പ്രമോദ് നാരായണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച പ്ലസ്വണ്‍ വിദ്യാര്‍ഥിനി ഇ.വി.ദേവനന്ദയുടെ വീട് സമിതി സന്ദര്‍ശിച്ചു. കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മേയ് ഒന്നിനാണ് ഭക്ഷ്യവിഷബാ ധയേറ്റ് മരിച്ചത്.കരിവെള്ളൂര്‍ പെരളത്തെ  പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകളായിരുന്നു ഇ.വി.ദേവനന്ദ. ചെറുവത്തൂര്‍ മട്ടലായിലെ സഹോദരി സൗദാമിനിക്കൊപ്പമാണ് ദേവനന്ദയുടെ അമ്മ പ്രസന്ന ഇപ്പോഴുള്ളത്. ഈ വീട്ടിലാണ് സമിതി സന്ദര്‍ശനം നടത്തിയത്.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സമഗ്രമായ നിയമങ്ങളും ചട്ടങ്ങളും ഉള്ളപ്പോള്‍ ഒട്ടേറെ ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിയമ സഭാ സമിതി ഇക്കാര്യത്തില്‍ തെളിവെടുപ്പ് നടത്തുന്നത്. പിഴവുകളില്ലാതെ ഈ നിയമങ്ങള്‍ നടപ്പിലാക്കുകയും ഇതു സംബന്ധിച്ച ഒരു ജനകീയ അവബോധം സൃഷ്ടിക്കാനുമുളള ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ വേണ്ടിയാണ് ഈ സന്ദര്‍ശനം. ഇത്തരമൊരു സംഭവമുണ്ടായ ജില്ല എന്നത് കണക്കിലെടുത്താണ്  കാസര്‍കോട് നിന്ന് തന്നെ ഈ തെളിവെടുപ്പ് ആരംഭിച്ചത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധന നടത്തി വരുന്ന പതിവ് ശീലത്തിന് അപ്പുറം സമഗ്രമായ ഇടപെടല്‍ ഉറപ്പാക്കണമെന്ന്  വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണത്തിന് പകരം രോഗവും മരണവും വിളമ്പുക എന്നത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്.  അത്തരം ആളുകള്‍ക്ക് നല്‍കുന്ന നടപടികളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.വളരെ ഗൗരവത്തിലാണ് ഈ കേസിലെ അന്വേഷണം മുന്നോട്ടു പോകുന്നത്. പരമാവധി ശിക്ഷ കുറ്റവാളികള്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ ഇടപെടലുകളും ഉണ്ടാകും. ഭക്ഷണത്തിന് ഗുണമേന്മ ഉറപ്പാക്കുന്നതിന് പകരം ലാഭം ഉണ്ടാക്കുകയെന്ന് കരുതുന്ന ആളുകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിയണമെന്നും പ്രമോദ് നാരായണന്‍ എം എല്‍ എ  പറഞ്ഞു. ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന ഇടം മുതല്‍ വിതരണം ചെയ്യുന്ന സ്ഥലം വരെയുള്ള  ശൃംഖലയില്‍ ഇടപെടാന്‍ വകുപ്പുകള്‍ക്ക് കഴിയണം. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുമെന്നും അറിയിച്ചു. കേരള നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി അഗങ്ങളായ കെ. പ്രേം കുമാര്‍ എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ എന്നിവരും എ.ഡി.എം എ.കെ രമേന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു. എം. രാജഗോപാലന്‍ എംഎല്‍എ, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, വൈസ് പ്രസിഡന്റ് പി.വി രാഘവന്‍, സെക്രട്ടറി എ.കെ മനോജ്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി പത്മിനി, കെ രമണി,  സി വി ഗിരീഷ് തുടങ്ങിയവരും സംഘത്തിനൊപ്പം  ഉണ്ടായിരുന്നു.

 

date