Skip to main content

കേരള നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി തെളിവെടുപ്പ് നടത്തി ഭക്ഷ്യസുരക്ഷയില്‍ കാസര്‍കോട് മാതൃകയാകണം

കേരള നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട  സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി  ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തി. സുരക്ഷിത ഭക്ഷണം ശുദ്ധവായുപോലെയും ശുദ്ധമായ വെള്ളം പോലെയും മനുഷ്യന്റെ അവകാശമാണെന്നും അത് ഉറപ്പാക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള സംയുക്ത പദ്ധതികള്‍ ആവശ്യമാണെന്നും നിയമസഭാ സമിതി ചെയര്‍മാന്‍ പ്രമോദ് നാരായണന്‍ എം.എല്‍.എ പറഞ്ഞു. സമഗ്രവും ഫലപ്രദവും ജനകീയവുമായ മാനവീക മുന്നേറ്റമാണ് ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ആവശ്യമെന്ന് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവത്തെ ഓര്‍മ്മപ്പെടുത്തി അദ്ദേഹം പറഞ്ഞു. ശുദ്ധവും ഗുണമേന്‍മയേറിയതുമായ ഭക്ഷണം പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി കാസര്‍കോട് മോഡല്‍ വികസിപ്പിച്ചെടുക്കണം.  എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കൂടി സാഹചര്യത്തില്‍ കേരളത്തിനാകെ അനുകരിക്കാവുന്ന ജനകീയ ഭക്ഷ്യസുരക്ഷാ ആരോഗ്യകരമായ കൃഷിരീതി ഭക്ഷ്യസംസ്‌കാരം എന്നിവയുടെ മാതൃക സൃഷ്ടിക്കാന്‍ കാസര്‍കോട് ജില്ലയ്ക്ക് സാധിക്കണം.
അതിഥി തൊഴിലാളികള്‍ കൂടുതലായും ഹോട്ടലുകളിലും ബേക്കറികളിലുമെല്ലാം ഭക്ഷണ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുമുള്ള അതിഥി തൊഴിലാളികളുടെ കൃത്യമായ കണക്ക് വിവരങ്ങള്‍ പഞ്ചായത്ത് വകുപ്പും തൊഴില്‍ വകുപ്പും ചേര്‍ന്ന് ലഭ്യമാക്കണം. ഭക്ഷണ നിര്‍മ്മാണ-വിതരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അതിഥി തൊഴിലാളികളുടെ ആരോഗ്യം സംബന്ധിച്ചും അവര്‍ നേരത്തെ ചികിത്സിച്ചു വരുന്ന രോഗവിവരങ്ങളും ശേഖരിച്ച് ആരോഗ്യ വകുപ്പ് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ചെന്ന് വിവരങ്ങള്‍ പരിശോധിച്ച്  ആരോഗ്യ മാപ്പിങ് നടത്തി  ആരോഗ്യ കാര്‍ഡ് വിതരണം ചെയ്യണമെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്‍, മത്സ്യം,പഴം, പച്ചക്കറി തുടങ്ങിയവ  കാര്യക്ഷമമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്നും ചെക്ക്പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കണം. സിവില്‍ സപ്ലൈസ് വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് തന്നെ ഉറപ്പാക്കാന്‍ സാധിക്കണമെന്നും മികച്ച ഉല്‍പ്പന്നങ്ങള്‍ മാത്രമേ പൊതു വിതരണ ശൃംഖലയിലൂടെ ജനങ്ങളിലേക്കെത്താന്‍ പാടുള്ളൂവെന്നും സമിതി നിര്‍ദ്ദേശിച്ചു. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും പിഴ ഈടാക്കാനും ജാഗ്രതപാലിക്കണം.
എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിത പ്രദേശമായ ജില്ലയില്‍ പഴം-പച്ചക്കറി ഉത്പ്പന്നങ്ങളിലെ കീടനാശിനി പ്രയോഗം അനുദിനം നിരീക്ഷിക്കണമെന്നും പഴുതടച്ചതും കാര്യക്ഷമമായതുമായ പ്രവര്‍ത്തനമാണ് ഇതിനാവശ്യമെന്നും സമിതി വിലയിരുത്തി.
കര്‍ണ്ണാടകയില്‍ നിന്നും വരുന്ന വിവിധ ബ്രാന്റുകളുടെ പാലുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു. അംഗണ്‍വാടികളും സ്‌കൂളുകളും പ്രീ സ്‌കൂളുകളുമെല്ലാം പുനരാരംഭിച്ച ഘട്ടത്തില്‍ വിദ്യാലയങ്ങളിലും അംഗണവാടികളിലും കുട്ടികള്‍ കൂട്ടമായി താമസിക്കുന്ന ഹോസ്റ്റലുകളിലുമെല്ലാമുള്ള പാചകപ്പുരകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി കുട്ടികള്‍ക്ക് ലഭിക്കുന്ന ആഹാരങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കണമെന്നും സമിതി കൂട്ടിച്ചേര്‍ത്തു. തദ്ദേശസ്ഥാപനങ്ങള്‍ അവയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അറവു ശാലകളില്‍ പരിശോധന നടത്തി രജിസ്ട്രേഷന്‍ ഇല്ലാതെയും വൃത്തിഹീനമായും പ്രവര്‍ത്തിക്കുന്നവ കണ്ടെത്തി  മുഖം നോക്കാതെ നടപടികള്‍ സ്വീകരിക്കണം.
കാറ്ററിംഗ് സര്‍വീസുകള്‍, ഓഡിറ്റോറിയങ്ങളിലെ പാചക കേന്ദ്രങ്ങള്‍ എന്നിവയും പരിശോധിക്കണം. ഉപയോഗിച്ചുകഴിഞ്ഞ എണ്ണകള്‍ ഹോട്ടലുകളില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കി ജില്ലയില്‍ ഒരിടത്തും പഴകിയ എണ്ണയില്‍ ഭക്ഷണം പാകം ചെയ്യാത്ത അവസ്ഥയുണ്ടാകണമെന്ന് സമിതി പറഞ്ഞു. കൂടുതല്‍ ജങ്ക് ഫുഡ്, അറേബ്യന്‍ ഫുഡ് എന്നിവ ആസ്വദിക്കുന്നതില്‍ നിന്നും ഗുണമേന്മയേറിയതും ആരോഗ്യത്തിന് കോട്ടമില്ലാത്തതുമായ ഭക്ഷണരീതിയിലേക്ക് മടങ്ങേണ്ടുന്നതിന്റെ ആവശ്യകത സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടത്താനും സമിതി ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
മാര്‍ക്കറ്റ്, അറവുശാലകള്‍, പഴം പച്ചക്കറി പലവ്യഞ്ജനങ്ങള്‍ റേഷന്‍കടകള്‍, എന്നിവ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തുടര്‍ച്ചയായ പരിശോധനകള്‍ നടത്തണം. പിഴവ് ശ്രദ്ധയില്‍പെട്ടാല്‍ നിയമം അനുശാസിക്കുന്ന നടപടി ക്രമങ്ങള്‍ സ്വീകരിക്കണമെന്നും സമിതി പറഞ്ഞു.
കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോടിന് ഭക്ഷ്യസുരക്ഷാ ലാബ് ആവശ്യമാണെന്നത് സംബന്ധിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ ചെര്‍ക്കള   നിയമസഭാ സമിതിയ്ക്ക് നിവേദനം നല്‍കി .
ഭക്ഷ്യ സംസ്‌ക്കാരം, ആരോഗ്യ സുരക്ഷ, ആരോഗ്യകരമായ കൃഷിരീതി തുടങ്ങി വിവിധ വഴികളിലൂടെയേ ലക്ഷ്യത്തിലെത്താന്‍ കഴിയുകയുള്ളൂവെന്നും തെളിവെടുപ്പിലൂടെ ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയും സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി നിയമസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നും സഭയ്ക്കകത്തും മറ്റ് സന്ദര്‍ഭങ്ങളിലും വിഷയം ചര്‍ച്ച ചെയ്യുമെന്നും കമ്മറ്റി ചെയര്‍മാന്‍  പ്രമോദ് നാരായണന്‍ എം.എല്‍.എ പറഞ്ഞു.  കാസര്‍കോട് ഒരു ഭക്ഷ്യ സുരക്ഷാ ലാബ് എന്ന ജനകീയ ആവശ്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുമെന്നും ജനങ്ങള്‍ക്ക് മികച്ച ഭക്ഷണം ഉറപ്പാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയുടെ അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതി അഗങ്ങളായ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കെ പ്രേം കുമാര്‍ എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, നിയയമസഭാ സമിതി ഡെപ്യൂട്ടി സെക്രട്ടറി ആര്‍ ഷാജി, എ.ഡി.എം എ.കെ രമേന്ദ്രന്‍, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷ്ണര്‍ ജോണ്‍ വിജയ കുമാര്‍ , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, ഡെപ്യൂട്ടി ഡിഎംഒ ഡോ എ.ടി മനോജ് , വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍.  

date