Skip to main content

ക്യാമ്പസുകളെ ലഹരിമുക്തമാക്കുന്നതിലൂടെ വിദ്യാഭ്യാസ രം​​​ഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും - മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 

 

 

'ബോധം' ക്യാമ്പസ് ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു 

ക്യാമ്പസുകളെ പൂർണമായും ലഹരിമുക്തമാക്കുന്നതിലൂടെ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് തുറമുഖം- മ്യൂസിയം- പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ. ലഹരി നിര്‍മാര്‍ജന സമിതി നടപ്പാക്കുന്ന 'ബോധം' ക്യാമ്പസ് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ കേരളത്തിലെ വി​ദ്യാഭ്യാസരം​ഗത്ത് വൻമുന്നേറ്റമാണ് സർക്കാർ നടത്തി വരുന്നത്. തെറ്റായ വഴിയിൽനിന്ന് സുഹൃത്തുക്കളെ പിൻതിരിപ്പിക്കാൻ നമുക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു.  

ലഹരി നിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സമ്പൂര്‍ണ ലഹരി നിര്‍മാര്‍ജന സമിതി. വിദ്യാര്‍ത്ഥികളെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും അവരെ ഇതില്‍നിന്ന് പിന്തിരിപ്പിക്കുന്നതിനുമായാണ് ലഹരി നിര്‍മാര്‍ജന സമിതി നൂറ് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആദ്യ മൂന്ന് സ്ഥാപനങ്ങള്‍ക്ക് ക്യാഷ്‌ പ്രൈസ് സമ്മാനമായി നല്‍കുന്നുണ്ട്. 

പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബോധം ക്യാമ്പസ് ക്യാമ്പയിന്‍ ചെയര്‍മാന്‍ ഇമ്പിച്ചി മമ്മുഹാജി അധ്യക്ഷത വഹിച്ചു. ലഹരി നിര്‍മാര്‍ജന സമിതി ജനറല്‍ സെക്രട്ടറി ഒ.കെ. കുഞ്ഞിക്കോമു പദ്ധതി വിശദീകരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. 'ബോധം' ലഹരി വിരുദ്ധ ബോർഡിന്റെ പ്രകാശനം തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വഹിച്ചു. സ്‌കൂള്‍തല കമ്മിറ്റി പ്രഖ്യാപനം എ. പ്രിയ നിര്‍വഹിച്ചു. എക്‌സൈസ് പ്രവിന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. 

ഗ്രാമപഞ്ചായത്തംഗം ബിനു കരോളി, പി.ടി.എ പ്രസിഡന്റ് ബിജു കളത്തില്‍, പ്രിന്‍സിപ്പല്‍ കെ. പ്രദീപന്‍, ലഹരി നിര്‍മാര്‍ജന സമിതി വനിതാ വിം​ഗ് സംസ്ഥാന പ്രസിഡന്റ് പി. സഫിയ, സംസ്ഥാന സെക്രട്ടറി മറിയം ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ.എന്‍. ബിനോയ് കുമാര്‍ സ്വാഗതവും ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന സെക്രട്ടറി ഹുസൈന്‍ കമ്മന നന്ദിയും പറഞ്ഞു.

date