Skip to main content

നവകേരള സൃഷ്ടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക്- മന്ത്രി അഹമ്മദ് ദേവർകോവിൽ

 

 

 

കോവിഡാനന്തര നവകേരള സൃഷ്ടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏറെ പങ്കു വഹിക്കാനാവുമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. നവകേരളത്തിന് ജനകീയാസൂത്രണം പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഒളവണ്ണ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ മാറ്റുന്നതിനാണ് പതിനാലാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്. പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം ഉറപ്പാക്കുക, സമഗ്ര സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതി ദുരന്തങ്ങളെയും നേരിടാൻ സമൂഹത്തെ പ്രാപ്തമാക്കുക, ദാരിദ്ര്യത്തിൽനിന്നും പൂർണ മോചനം സാധ്യമാക്കുക തുടങ്ങി എല്ലാ മേഖലയിലും സമ്പൂർണ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് കരട് വികസനരേഖയും, ഗ്രാമ സഭകളിൽനിന്ന് വന്ന നിർദേശങ്ങളും വിശദമായ ചർച്ചകൾക്കും പുതിയ നിർദേശങ്ങൾക്കുമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ വൈസ് പ്രസിഡന്റ് എൻ. ജയപ്രശാന്ത് അധ്യക്ഷനായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സിന്ധു പദ്ധതി വിശദീകരിച്ചു. ആസൂത്രണ സമിതി ഉപാധ്യാക്ഷൻ കെ.കെ. ജയപ്രകാശൻ പദ്ധതി ആസൂത്രണം വിശദീകരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രവി പറശ്ശേരി, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത്‌ സെക്രട്ടറി സുനിൽകുമാർ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി. മിനി നന്ദിയും പറഞ്ഞു.

date