Skip to main content

എക്‌സൈസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വിപുലീകരിക്കണം- മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

 

 

 

എക്‌സൈസ് വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ വിപുലീകരിക്കണമെന്നും ഓഫീസുകള്‍ കൂടുതല്‍ ആധുനികവത്കരിക്കണമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത ഉത്തരമേഖലാ എക്‌സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എക്‌സൈസ് വകുപ്പിന്റെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും ഓഫീസ് അന്തരീക്ഷം മെച്ചപ്പെടുത്തി സ്ത്രീ സൗഹാര്‍ദമാക്കണമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ മാതൃകാപരവും ജാഗ്രതയോടെയുമുള്ള ഇടപെടല്‍ വകുപ്പിന് അഭിമാനമാണ്. ​ഗവൺമെന്റ് സ്ഥാപനങ്ങളിൽ അഴിമതി ഒരുതരത്തിലും അനുവദിക്കില്ലെന്നും അഴിമതിക്കാരെ പുറത്താക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വ്യാപനം തടയേണ്ടത് അനിവാര്യമാണ്. ഇതിനായി വിമുക്തി മിഷനിലൂടെ കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് എന്‍.എസ്.എസ്, എസ്.പി.സി തുടങ്ങിയ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ലഹരിക്കെതിരായ ബോധവത്കരണം ശക്തമാക്കണം. ലഹരി മാഫിയാ ശൃഖംലയെ തകര്‍ക്കേണ്ടത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മദ്യാസക്തി കുറയ്ക്കാന്‍ വകുപ്പിന്റെ ഭാഗത്തുനിന്ന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ആദിവാസി മേഖലകളിലുള്‍പ്പെടെ ജനമൈത്രി എക്‌സൈസിന്റെ ബോധവത്കരണ പരിപാടികള്‍ മികച്ചതാണ്. കള്ളുഷാപ്പുകളില്‍ വ്യാജമദ്യം വില്‍ക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ കേരളത്തിലെ ആദ്യ വനിതാ സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ. സജിതയേയും വിമുക്തി ബോധവത്കരണ ക്ലാസുകള്‍ നയിച്ച സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ. സമീറിനെയും അനുമോദിച്ചു. അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍ രാജീവ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ സുരേഷ്, ജോയന്റ് എക്‌സൈസ് കമ്മിഷണര്‍ രണ്‍ജിത്ത്, ഉത്തരമേഖലാ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സൈസ് കമ്മിഷണര്‍ ആനന്ദകൃഷ്ണന്‍ സ്വാഗതവും ഉത്തരമേഖലാ ജോയന്റ് കമ്മിഷണര്‍ ജി. പ്രദീപ് നന്ദിയും പറഞ്ഞു.

date