Skip to main content

പ്രകൃതി സംരക്ഷണം ദിനചര്യയുടെ ഭാഗമാക്കണം - മന്ത്രി അഹമ്മദ് ദേവർകോവിൽ

 

 

 

 -നവകേരളം പച്ചത്തുരുത്ത് ജില്ലാ നടീൽ ഉദ്ഘാടനം  ചെയ്തു

പ്രകൃതി സംരക്ഷണം ദിനചര്യയുടെ ഭാഗമാക്കണമെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലോക പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ചു ഹരിത കേരളം മിഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നവകേരളം പച്ചത്തുരുത്ത് നിർമ്മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഒരേയൊരു ഭൂമി എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഖ്യാതം നേരിട്ടനുഭവിച്ചറിഞ്ഞ നമ്മൾ സാമൂഹിക പ്രതിബദ്ധതയോടെ പ്രകൃതിയെ സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ഹരിതകേരളം മിഷൻ, സംസ്ഥാന വനം വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, തദ്ദേശഭരണ സ്ഥാപനങ്ങൾ, ഇതര വകുപ്പുകൾ, ഏജൻസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് നടപ്പാക്കി വരുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്. ആഗോളതാപനത്തിന് മരമാണ് പ്രതിവിധി എന്ന ആശയത്തിലൂന്നി തരിശിട്ടിരിക്കുന്നതും ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്നതും മറ്റു അനുയോജ്യമായ പൊതു, സ്യകാര്യ സ്ഥലങ്ങളിൽ പ്രദേശത്തിന്റെ സവിശേഷതകൾക്കിണങ്ങുന്ന വൃക്ഷങ്ങൾ നട്ടുവളർത്തി രൂപപ്പെടുത്തിയെടുക്കുന്നതുമായ ചെറുവനങ്ങളാണ് പച്ചത്തുരുത്തുകൾ.

2050 ഓടെ നെറ്റ് സിറോ എമിഷൻ കൈവരിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത് .ഇതിനായുള്ള വിവിധ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ് പച്ചത്തുരുത്തുകളുടെ നിർമ്മാണം.ജില്ലയിൽ ഇതിനോടകം വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലായി 160 പച്ചത്തുരുത്തുകൾ നിർമ്മിച്ച് പരിപാലിച്ച് വരുന്നു.

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ പങ്കാളിത്തത്തോടെയാണ് ക്യാമ്പസിൽ പച്ചത്തുരുത്ത് ഒരുക്കുന്നത്. പ്ലാവ്, മാവ്, പേര, സീതപ്പഴം, നെല്ലി, മാംഗോസ്റ്റിൻ, മുട്ടപ്പഴം, മുള്ളാത്ത, മുന്തിരി പേര, റംബൂട്ടാൻ, പനീർ ചാമ്പ, സപ്പോട്ട, ചാമ്പ,  മാതളം, ചെറുനാരകം, ബദാം, കൂവളം, മുള, ഇത്തി, വട്ടകുമ്പിൾ, അശോകം, വാതംകൊല്ലി, കറുവപ്പട്ട, മന്ദാരം തുടങ്ങി വ്യത്യസ്ത സസ്യങ്ങൾ വെച്ചുപിടിപ്പിച്ചാണ് പച്ചത്തുരുത്ത് ഒരുക്കുന്നത്.

സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോഭീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ഈസ അഹമ്മദ്, കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജെ പി സി മുഹമ്മദ് ജാ, കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി ഇന്ദുലേഖ, സാമൂഹ്യ വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എം ജോഷിൽ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എൻജിനീയർ കെ.ശ്യാമിലി, എൻ എസ് എസ് സ്റ്റുഡന്റ് പ്രതിനിധി കെ പി കാവ്യ എന്നിവർ സംസാരിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി പ്രകാശ് സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലിയോൺ പ്രശാന്ത് നന്ദിയും പറഞ്ഞു.

date