Skip to main content
വളയന്‍ചിറങ്ങര ഗവ. എല്‍.പി.സ്‌കൂളില്‍ വായനക്കൂട്ടത്തെ തേടി വായനശാല സ്‌കൂളിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കുന്നു

സര്‍ക്കാരിന്റേത്  മിക്‌സഡ് സ്‌കൂളുകളെ  പ്രോത്സാഹിപ്പിക്കുന്ന നിലപാട്: മന്ത്രി വി.ശിവന്‍കുട്ടി 'വായനക്കൂട്ടത്തെ തേടി വായനശാല സ്‌കൂളിലേക്ക്' പദ്ധതിക്ക് വളയന്‍ചിറങ്ങര ഗവ. എല്‍.പി.സ്‌കൂളില്‍ തുടക്കമായി 

    മിക്‌സഡ് സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വളയന്‍ചിറങ്ങര ഗവ. എല്‍.പി.സ്‌കൂളില്‍ 'വായനക്കൂട്ടത്തെ തേടി വായനശാല സ്‌കൂളിലേക്ക്' പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്‌സഡ് ആകാന്‍ താല്പര്യമുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ അതാത് പി.ടി.എകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും അനുമതിയോടെ ആവശ്യപ്പെട്ടാല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

    ചുമതലയേറ്റ ശേഷം ആദ്യം ഒപ്പുവച്ച ഉത്തരവുകളിലൊന്നായിരുന്നു 
സംസ്ഥാനത്ത് ആദ്യമായി വളയന്‍ചിറങ്ങര ഗവ. എല്‍.പി.സ്‌കൂളില്‍ ജെന്‍ഡര്‍ നൂട്രല്‍ യൂണിഫോം കൊണ്ടുവരാനുള്ള തീരുമാനമാനം. പിന്നീട് മുപ്പതിലധികം സ്‌കൂളുകള്‍ ജെന്‍ഡര്‍ നൂട്രല്‍ യൂണിഫോലേക്കു മാറി. സംസ്ഥാനത്തെ സ്‌കൂള്‍ ലൈബ്രറികള്‍ക്കായി ഇതിനോടകം 10 കോടിയോളം രൂപയുടെ പുസ്തകങ്ങള്‍ നല്‍കിയിട്ടുണ്ട്. 'വായനക്കൂട്ടത്തെ തേടി വായനശാല സ്‌കൂളിലേക്ക്' പദ്ധതി മറ്റ് സ്‌കൂളുകള്‍ക്കും മാതൃകയാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. 

    107 കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച സ്വാഗത ഗീതത്തോടെയായിരുന്നു മന്ത്രിയെയും മറ്റ് വിശിഷ്ടാഥികളെയും സ്‌കൂളിലേക്ക് സ്വീകരിച്ചത്. 
സര്‍വശിക്ഷാ കേരളയുടെ സഹായത്തോടെ നടന്ന സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പ്രീ പ്രൈമറി അധ്യാപക പഠന സഹായിയായ 'കളിപ്പാട്ട'ത്തിന്റെ പ്രകാശനം എസ്.എസ്.കെ ജില്ല പ്രോജക്ട് കോഡിനേറ്റര്‍ ജോസ് പെറ്റ് ജേക്കബ് നടത്തി. സ്‌കൂളില്‍ ഒരുക്കിയിട്ടുള്ള ശലഭ ഉദ്യോനം പെരുമ്പാവൂര്‍ എ.ഇ.ഒ വി.രമ ഉദ്ഘാടനം ചെയ്തു.

    ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണന്‍, മുന്‍ പി.എസ്.സി അംഗം ആര്‍.പാര്‍വതി ദേവി,  ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹന്‍, രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി അജയകുമാര്‍, വാര്‍ഡ് മെമ്പര്‍ ലക്ഷ്മി റെജി, എസ്.എസ്.കെ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ മീന ജേക്കബ്, വളയന്‍ചിറങ്ങര ഗവ. എല്‍.പി. സ്‌കൂള്‍ എസ്.എം.സി ചെയര്‍മാന്‍ കെ. അശോകന്‍, പി.ടി.എ പ്രസിഡന്റ് വി. വിവേക്, ഹെഡ്മിസ്ട്രസ് കെ.എ ഉഷ, മുന്‍ ഹെഡ്മിസ്ട്രസ് സി.രാജി, മാതൃസംഗമം അധ്യക്ഷ ബീനു തമ്പി തുടങ്ങിയവര്‍ സന്നിഹിതരായി.

date