Skip to main content

ദേശീയപാത വികസനം: ജൂണ്‍-15 വരെ രേഖകള്‍ നേരിട്ട് സമര്‍പ്പിക്കാം

 

    ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രേഖകള്‍ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള അവസരം ഈ മാസം 15 വരെ നീട്ടിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മെയ് 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ആദ്യം നല്‍കിയ സമയത്തിനകം പലവിധ കാരണങ്ങളാല്‍ രേഖകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവരുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. രേഖകള്‍ സമപ്പിക്കാനുള്ള അവസാന അവസരമാണിത്. രേഖകള്‍ സമര്‍പ്പിക്കുന്നതിന് 15 വരെ സമയം ആവശ്യമുള്ളവര്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ ഉടന്‍ തന്നെ വിവരം രേഖാമൂലം അറിയിക്കണം. അല്ലെങ്കില്‍ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവയ്ക്കുന്നതായിരിക്കും.

        നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനായി 1107 കോടി രൂപയാണ് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നേരിട്ട് ഇതിനകം വിതരണം ചെയ്തത്.  രേഖകള്‍ സമര്‍പ്പിക്കാത്തതു കാരണം ട്രഷറിയിലേക്കു കൈമാറിയ തുക ഉള്‍പ്പെടെ 1266 കോടി രൂപ വിതരണം ചെയ്തു. ട്രഷറിയില്‍ നിന്നും തുക പിന്‍വലിച്ച് ഉടമകള്‍ക്കു കൈമാറുന്നതിന് ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ തുക ട്രഷറിയില്‍ നിന്നും പിന്‍വലിച്ച് കോടതിയില്‍ കെട്ടിവയ്ക്കും. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുള്ള തുക അര്‍ഹതയുള്ളവര്‍ക്ക് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂറായി അനുവദിക്കും.

    ദേശീയപാതയ നിര്‍മ്മാണത്തിനായി കരാറുകാരനുമായി ദേശീയപാത അതോറിറ്റി ധാരണപത്രത്തില്‍ ഒപ്പിട്ട് കഴിഞ്ഞു. ഭൂമി പൂര്‍ണ്ണമായും ഏറ്റെടുത്ത് കരാറുകാരനു കൈമാറുന്നതിന് ഇനിയും കാലതാമസം നേരിട്ടാല്‍ ദേശീയപാത അതോറിറ്റിക്ക് അധിക സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്.

    ഓറിയന്റല്‍ സ്ട്രക്ചറല്‍ എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍ നല്‍കിയിട്ടുള്ളത്. കമ്പനി മണ്ണ് പരിശോധനയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിക്കലും മരംമുറിയും ഉടനെ ആരംഭിക്കും. 3ജി(3) വിജ്ഞാപനം പുറപ്പെടുവിച്ച മുഴുവന്‍ ഭൂമിയും ദേശീയപാത നിയമം വകുപ്പ് 3ഇ(2)ബി പ്രകാരം ഇതിനകം തന്നെ ഏറ്റെടുത്തിട്ടുള്ളതാണ്. ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങളില്‍
നിന്ന് സ്വയം ഒഴിഞ്ഞുപോകാത്തവരെ നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കുന്നതിനുള്ള നടപടികളും ഉടന്‍ സ്വീകരിക്കും.

date