Skip to main content

ലോക ക്ലബ് ഫൂട്ട് വാരാചരണം: സമാപന സമ്മേളനം നടത്തി

ലോക ക്ലബ് ഫൂട്ട് വാരാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശിയ ആരോഗ്യദൗത്യം എന്നിവ സംയുക്തമായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.ആര്‍.സന്തോഷ്‌കുമാര്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രി പീഡിയാട്രിക് വിഭാഗം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഡി.ബാലചന്ദര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ ആശുപത്രി ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സുരേഷ്‌കുമാര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ വി.ആര്‍.ഷൈലഭായി, ജനറല്‍ ആശുപത്രി സീനിയര്‍ നേഴ്സിംഗ് ഓഫീസര്‍ കെ.മിനി, ജില്ലാ ആര്‍.ബി.എസ്.കെ. കോ-ഓര്‍ഡിനേറ്റര്‍ ജിഷ സാരു തോമസ്, ജില്ലാ ഡി.ഇ.ഐ.സി. മാനേജര്‍ അര്‍ച്ചന സഹജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇലന്തൂര്‍ ഗവണ്‍മെന്റ് നേഴ്സിംഗ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഫ്ളാഷ് മോബും, ചുട്ടിപ്പാറ എസ്.എം.ഇ. കോളേജ് ഓഫ് നേഴ്സിംഗ് വിദ്യാര്‍ഥികള്‍ ക്ലബ് ഫൂട്ട് ബോധവത്ക്കരണ പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി.

 

ക്ലബ് ഫൂട്ട് വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും, കുടുംബാരോഗ്യകേന്ദ്രങ്ങളിലും ക്ലബ് ഫൂട്ട് സ്‌ക്രീനിംഗ്, സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ അംഗനവാടികളില്‍ ആര്‍.ബി.എസ്.കെ. നേഴ്സുമാര്‍ മുഖാന്തിരം ക്ലാസുകളും, കുട്ടികളുടെ സ്‌ക്രീനിംഗും നടത്തി. റാന്നി താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജോസ് തോമസ് ക്ലബ് ഫൂട്ടിനെക്കുറിച്ച് അവബോധ ക്ലാസ് സോഷ്യല്‍ മീഡിയായിലൂടെ നിര്‍വഹിച്ചു. ജില്ലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ എല്ലാ ബുധനാഴ്ചകളിലുമാണ് ക്ലബ് ഫൂട്ട് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ 9946661390,9946107321.

date