Skip to main content

തീരത്തിന് ഉണര്‍വേകാന്‍ തളിക്കുളം ബ്ലോക്കിന്റെ പശുഗ്രാമം

 

തീരദേശത്തെ ക്ഷീരമേഖലയ്ക്ക് പുത്തനുണര്‍വേകി പശുഗ്രാമം പദ്ധതിയുമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്. തീരദേശ തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പശുഗ്രാമം പദ്ധതി ബ്ലോക്ക് നടപ്പിലാക്കുന്നത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ നൂറ് പശുക്കളെ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. 

നാട്ടിക, തളിക്കുളം, വലപ്പാട്, ഏങ്ങണ്ടിയൂര്‍, വാടാനപ്പിള്ളി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ഗ്രാമസഭ മുഖാന്തിരം താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകരെ തിരഞ്ഞെടുക്കും. ഇതില്‍ നിന്ന് പര്‍ച്ചൈസ് കമ്മിറ്റി രൂപീകരിച്ച് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് പശുക്കളെ വാങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ കൊണ്ടുവരുമ്പോള്‍ എങ്ങനെ പരിപാലിക്കണം, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്‍കണം എന്നത് സംബന്ധിച്ച് ക്ഷീര കര്‍ഷകര്‍ക്ക് ബ്ലോക്കിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു. ഒരു പശുവിനെ വാങ്ങുന്നതിനായി ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 15,000 രൂപ സബ്‌സിഡിയായി നല്‍കുന്നുണ്ട്. ബ്ലോക്കിന് കീഴിലെ ക്ഷീര സംഘങ്ങളില്‍ നിന്ന്  നിലവില്‍ 2000 ലിറ്റര്‍ പാല്‍ ആണ് ആകെ ലഭിക്കുന്നത്. പശുഗ്രാമം പദ്ധതിയിലൂടെ ഇത് 5000 ലിറ്ററായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് വലപ്പാട് വെറ്റിനറി ഹോസ്പിറ്റല്‍ സിനീയര്‍ സര്‍ജന്‍ ഡോ.സി കെ സില്‍വന്‍ പറഞ്ഞു.

തളിക്കുളം ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ 2020-21 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്വരുമാനദായക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. തീരദേശ മേഖലയിലുള്ളവര്‍ ക്ഷീരമേഖലയിലേയ്ക്ക് വരുമ്പോള്‍ അവര്‍ക്ക് ഒരു നിശ്ചിതവരുമാനം ഉറപ്പുവരുത്തുകയാണ് 
പശുഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് പറഞ്ഞു.

date