Skip to main content
സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് മന്ത്രി കെ രാജൻ തൃശൂർ ഗവ മോഡൽ ഗേൾസ് സ്കൂളിൽ കുട്ടികൾക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കുന്നു

'ഉച്ചയൂണ് ഗംഭീരം', സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് റവന്യൂമന്ത്രിയുടെ സാക്ഷ്യപ്പെടുത്തല്‍

 

പരിപാടികളില്‍ നിന്ന് പരിപാടികളിലേക്കുള്ള ഓട്ടത്തിനിടയ്ക്ക് ഉച്ചഭക്ഷണം തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളിലാക്കി റവന്യൂമന്ത്രി കെ രാജന്‍. കുട്ടികള്‍ക്കൊപ്പം വരിനിന്ന് ചോറും, സാമ്പാറും, അവിയലും, സാലഡും, പപ്പടവും വാങ്ങി അവരിലൊരാളായിരുന്ന് മന്ത്രി ഭക്ഷണം കഴിച്ചു.  അടുത്തിരുന്ന കുട്ടികളോട് കുശലം പറഞ്ഞും അവരുടെ പേരും സ്ഥലവുമെല്ലാം ചോദിച്ചറിഞ്ഞും മന്ത്രി എറെ സമയം അവർക്കൊപ്പം ചെലവഴിച്ചു. 
ഭക്ഷണത്തിന് ശേഷം കുട്ടികളോട് ഉച്ചഭക്ഷണത്തെക്കുറിച്ചുള്ള അഭിപ്രായവും മന്ത്രി ചോദിച്ചറിഞ്ഞു. സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കുള്ള സൗകര്യങ്ങളും ഉച്ചഭക്ഷണത്തിൻ്റെ ഗുണനിലവാരവും പരിശോധിക്കാൻ ജനപ്രതിനിധികൾ സ്കൂളുകൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായാണ് മോഡൽ ഗേൾസിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ചോറ്റുപാത്രങ്ങളിൽ പ്രതിഫലിച്ചിരുന്നിടത്തുനിന്ന് എല്ലാവർക്കും സ്കൂളിൽ നിന്ന് ഒരേ പോലെയിരുന്ന് നല്ല ഭക്ഷണം കഴിക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷവും മന്ത്രി പങ്കുവെച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വരുത്തി നല്ല കെട്ടിടങ്ങളും സൗകര്യങ്ങളും അക്കാദമിക് മാസ്റ്റർ പ്ലാനും ഒരുക്കി കുട്ടികൾക്കൊപ്പം ചേർന്നു നിൽക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

മന്ത്രിക്കൊപ്പം എഡിഎം റെജി പി ജോസഫും വിദ്യഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനനും ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു.
ഇടയിൽ എത്തിയ മേയർ എം കെ വർഗീസും ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനും വർഗീസ് കണ്ടംകുളത്തിയും മന്ത്രിയോടും കുട്ടികളോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. മന്ത്രിയെ കുട്ടികൾക്ക് പരിചയപ്പെടുത്തിയും ഭക്ഷണത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചും മേയറും സ്കൂൾ അധികൃതർക്കൊപ്പം ആതിഥേയനായി. ക്ലാസ് മുറികൾ സന്ദർശിച്ചും അവരുടെ പാട്ടുകൾ ആസ്വദിച്ചും കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്. 

ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധികചുമതല വഹിക്കുന്ന പി എം ബാലകൃഷ്ണൻ, ജില്ലാ നൂൺ ഫീഡിങ് സൂപ്പർവൈസർ ബിനു വർഗീസ് ഡി, ഹെഡ്മിസ്ട്രസ് ബിന്ദു കെ പി, ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവരും മന്ത്രിക്കൊപ്പം സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു.

date