Skip to main content

എലഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; നിർമാണോദ്ഘാടനം നാളെ (ജൂൺ 13)

 

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലെ എലഞ്ഞിപ്ര  സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം നാളെ (ജൂൺ 13) ബെന്നി ബെഹനാൻ എംപി നിർവഹിക്കും. എംഎൽഎ
സനീഷ് കുമാർ ജോസഫ് അധ്യക്ഷത വഹിക്കും. സാധാരണക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശുപത്രി കെട്ടിടം നിർമിക്കുന്നത്. ആർദ്രം മിഷൻ്റെ ഭാഗമായി 37.5 ലക്ഷം രൂപയാണ് നിർമാണത്തിനായി ചെലവഴിക്കുന്നത്.   

നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. നിലവിൽ 5 ഡോക്ടർമാരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. കൂടാതെ കിടത്തി ചികിൽസക്കായി കൂടുതൽ സൗകര്യം ഒരുക്കാനും കഴിയും. പാലിയേറ്റീവ് കെയർ സെൻ്ററിൻ്റ പ്രവർത്തനം മികച്ച രീതിയിൽ ലഭ്യമാകുന്നതിനും പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ സാധിക്കുമെന്ന് പ്രസിഡൻ്റ് വേണു കണ്ടരു മഠത്തിൽ പറഞ്ഞു.

കോടശ്ശേരി, ആതിരപ്പിളളി പഞ്ചായത്തുകളിലെ ആദിവാസി ഊരുകളോട് ഏറ്റവും അടുത്ത് കിടക്കുന്ന ആശുപത്രി എന്ന നിലയിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് ഏലഞ്ഞിപ്ര  സാമൂഹികാരോഗ്യ കേന്ദ്രത്തെയാണ്. അതുകൊണ്ട് തന്നെ പുതിയ ആശുപത്രി നിർമാണം പൂർത്തിയാകുന്നതോടെ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത് ഈ മേഖലയിലെ ആദിവാസികൾക്കാണ്. 
നിലവിൽ വിദഗ്ദ്ധ ചികിൽസക്കായി ചാലക്കുടി ജനറൽ ആശുപത്രിയെയാണ്
ഈ പഞ്ചായത്തുകളിൽ ഉള്ളവർ ആശ്രയിക്കുന്നത്.

date