Skip to main content
പഴയന്നൂർ ബ്ലോക്ക് വികസന സെമിനാർ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

സാധാരണക്കാർക്കും വികസനത്തിന്റെ നേട്ടം ലഭ്യമാകണം: മന്ത്രി കെ രാധാകൃഷ്ണൻ

 

സാധാരണക്കാർക്കും വികസനത്തിന്റെ നേട്ടം ലഭ്യമാക്കുന്ന കാഴ്ചപ്പാടാണ് വേണ്ടതെന്ന് ദേവസ്വം,
പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ,
പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. 
പതിനാലാം പഞ്ചവത്സര പദ്ധതിയോട് അനുബന്ധിച്ച് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച 2022-2023 വർഷത്തെ വികസന സെമിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

പുതിയ കാലത്തെ വികസനത്തെ അഭിമുഖീകരിക്കാൻ കഴിയുന്ന  കാഴ്ചപ്പാട്  ഉണ്ടാകണം. അധികാരവും സമ്പത്തും വികേന്ദ്രീകരിച്ച് നാടിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യണം. മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക. ഇതുവരെ വികസനം എത്താത്ത മേഖലയിൽ ഏറ്റവും പാവപ്പെട്ടവനും വികസനം സാധ്യമാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

വിശപ്പ് രഹിത കേരളം എന്നത്  വികസനത്തിന്റെ വലിയൊരു കാഴ്ചപ്പാടാണ്. സാമ്പത്തിക ഉൽപ്പാദന രംഗത്ത് മുന്നേറാൻ കഴിഞ്ഞാൽ മാത്രമാണ് നേട്ടം ഉണ്ടാക്കാനാകൂ. കാർഷിക ഉൽപ്പന്നങ്ങൾ ന്യായ  വിലയ്ക്ക് ഏറ്റെടുത്ത് സംഭരിച്ച് വെക്കാനും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുമുള്ള സംവിധാനം വേണം. സൂക്ഷിക്കാൻ സംഭരണശാലകൾ വേണം. കാർഷിക ഉൽപ്പാദന സംഭരണ വിതരണത്തിൽ കൃത്യമായ നടപടി എടുക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. കളിമൺ പാത്രങ്ങൾക്ക് അന്താരാഷ്ട്ര വിപണി വരികയാണ്. കുത്താംപുള്ളി കേന്ദ്രീകരിച്ച് കൈത്തറി ഗ്രാമമായി മാറ്റാനുള്ള ഇടപെടൽ വരുന്നുണ്ടെന്നും മന്ത്രി സെമിനാറിൽ സൂചിപ്പിച്ചു. 

കൃഷി, ഭിന്നശേഷി, വനിതാ വികസനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകിയുള്ള ചർച്ചകൾ സെമിനാറിൽ നടന്നു.  ബ്ലോക്ക് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷനായ സെമിനാറിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി ശ്രീജയൻ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം  കെ പത്മജ, കെ ശശിധരൻ മാസ്റ്റർ, കെ പത്മജ , വി തങ്കമ്മ തുടങ്ങിയവർ മുഖ്യാതിഥികളായി.

date