Skip to main content
2022 - 23 വാർഷികപദ്ധതികൾ നിശ്ചയിക്കാൻ തദ്ദേശഭരണ സ്ഥാപന അധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ സംസാരിക്കുന്ന ജില്ലാ കളക്ടർ ജാഫർ മാലിക്

മാലിന്യസംസ്ക്കരണത്തിലും ദുരന്ത നിവാരണത്തിലും പ്രത്യേക കരുതൽ വേണം: കളക്ടർ ഓപ്പറേഷൻ വാഹിനിയോട് അനുബന്ധമായി സുജലം പദ്ധതി ആരംഭിക്കും: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

 

സംയുക്ത - സംയോജിത പദ്ധതി നിശ്ചയിക്കുന്നതിനായി ആസൂത്രണ സമിതി യോഗം ചേർന്നു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി നിർണയം നടത്തുമ്പോൾ മാലിന്യ സംസ്ക്കരണത്തിനും ദുരന്ത നിവാരണത്തിനും മുൻഗണന നൽകണമെന്ന് ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയുമായ ജാഫർ മാലിക് പറഞ്ഞു. 14-ാം  പഞ്ചവത്സര പദ്ധതി നടത്തിപ്പിന്റെ ഭാഗമായുള്ള വാർഷിക പദ്ധതികളുടെ മുൻഗണന നിശ്ചയിക്കുന്നതിനായി ചേർന്ന തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

        മാലിന്യ സംസ്ക്കരണത്തിൽ സ്ഥല പരിമിതി എന്നതിനേക്കാൾ കൃത്യമായ പദ്ധതി നടപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക കരുതൽ നൽകണം. ഇതിനായി പ്രദേശ വാസികളെയും നാട്ടുകാരെയും ബോധവത്കരിക്കുകയും ചെയ്യണം.

   ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി തോടുകളും കനാലുകളും പൂർണമായി വൃത്തിയാക്കുക എന്നതിന് പ്രാധാന്യം നൽകണമെന്നും കളക്ടർ പറഞ്ഞു. ഓപ്പറേഷൻ വാഹിനിയുടെ ഭാഗമായി തോടുകൾ വൃത്തിയാക്കിയത് വിജയകരമായിരുന്നു. എങ്കിലും പ്രവർത്തനം പൂർണമായിട്ടില്ല എന്നതിന് തെളിവാണ് പുതുതായി ചില സ്ഥലങ്ങളിൽ  വെള്ളക്കെട്ട് ഉണ്ടായതിൽ നിന്ന് വ്യക്തമാവുന്നത്. ജൂൺ 30 ന് മുൻപായി എല്ലാ തോടുകളും നവീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
പദ്ധതി വിഹിതം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന രീതിയിലേക്ക് പഞ്ചായത്തുകൾ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് യോഗത്തിന് അധ്യക്ഷത വഹിച്ചു.  ജില്ലയിലെ എല്ലാ തരിശു ഭൂമികളിലും കൃഷി ആരംഭിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒരുങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പച്ചക്കറി ഉത്പാദനത്തിലും നെല്ലുത്പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കണം. പരമാവധി വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോട് അനുബന്ധിച്ചു ഓപ്പൺ ജിമ്മുകൾ ആരംഭിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ വാഹിനിയോട് അനുബന്ധമായി സുജലം എന്ന പദ്ധതി ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. തോടുകളുടെ സമീപമുള്ള പ്രദേശങ്ങളിൽ എക്കൽ നീക്കം ചെയ്തു കൃഷി യോഗ്യമാക്കുന്നതിനായി ഓരോ ഡിവിഷനുകളിലും 15 ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഫ്ലഡ് മാപ്പിംഗ് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ജമാൽ മണക്കാടൻ, ലിസ്സി അലക്സ്, ശാരദ മോഹൻ  എ . എസ് .അനിൽകുമാർ, റീത്ത പോൾ, ഷൈമി വർഗ്ഗീസ്, അനിത ടീച്ചർ, ദീപു കുഞ്ഞുകുട്ടി,തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

date