Skip to main content

സേവന സന്നദ്ധരായി ഉദ്യോഗസ്ഥര്‍  ജനങ്ങളിലേക്ക് എത്തണം: മുഖ്യമന്ത്രി 

 

 

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന് ജില്ലയില്‍ ആക്ഷന്‍ പ്ലാനായി

സര്‍ക്കാര്‍ ഓഫീസുകളില്‍ പരിഗണനയിലുള്ള ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി വില്ലേജ് മുതല്‍ ജില്ലാ തലം വരെ അദാലത്തുകള്‍ സംഘടിപ്പിക്കും. ജൂലൈ ഒന്ന് മുതല്‍ 15 വരെ വില്ലേജ് തലത്തിലും ജൂലൈ 18 മുതല്‍ 23 വരെ താലൂക്ക് തലത്തിലും 25 ന് ആര്‍.ഡി.ഒ തലത്തിലും അദാലത്തുകള്‍ നടത്തും. ആഗസ്റ്റ് മൂന്നിനാണ് കലക്ടറേറ്റില്‍ അദാലത്ത് സംഘടിപ്പിക്കുക. പരിഗണനയിലുള്ള ഫയലുകളുടെ പട്ടിക തയാറാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. ഫയലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഈ മാസം 30 നകം ലഭ്യമാക്കും.  ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ തീവ്രയജ്ഞ പരിപാടിയി ഫയല്‍ തീര്‍പ്പാക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംഘടനകളുടെയും സഹകരണം ആവശ്യമാണെന്ന് ഇന്നലെ (ജൂണ്‍ 15) ഓണ്‍ലൈന്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തേടി എത്തലല്ല, സേവനങ്ങളുമായി ജനങ്ങളിലേക്ക് എത്തുകയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
   
ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നീതിപൂര്‍വവും സുതാര്യവും വേഗത്തിലും നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ അതത് വകുപ്പ് മേധാവികള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ വകുപ്പ് സെക്രട്ടറിമാര്‍ വിലയിരുത്തണം. സംസ്ഥാന തലത്തില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനാണ് ചുമതല. ജില്ലകളില്‍ കലക്ടര്‍മാര്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കുകയും ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇക്കാര്യം വിലയിരുത്തുകയും വേണം. സമഗ്രമായ പുരോഗതി മന്ത്രിസഭ വിലയിരുത്തും. ഫയലുകള്‍ യാന്ത്രികമായി തീര്‍പ്പാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിഗണയിലുള്ള ഫയലുകളും പുതിയ ഫയലുകളും സംബന്ധിച്ച കണക്ക് ഓരോ മാസവും വിലയിരുത്തണം. കോടതി വിധികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും കേസ് നടത്തിപ്പിലെ പോരായ്മയോ വക്കീലിന്റെ പിടിപ്പുകേടോ ശ്രദ്ധയില്‍പെട്ടാല്‍ വകുപ്പ് സെക്രട്ടറിമാര്‍ അഡ്വക്കറ്റ് ജനറലിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തസ്തിക പുനക്രമീകരണം നടപ്പാക്കും. ജീവനക്കാരുടെ എണ്ണം കുറക്കുക എന്നത് സര്‍ക്കാറിന്റെ ലക്ഷ്യമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.  കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഇ-ഗവേണന്‍സ് സേവന റിപ്പോര്‍ട്ട് പ്രകാരം കേരളം ഒന്നാം സ്ഥാനത്താണ് എന്ന വാര്‍ത്ത സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പോര്‍ട്ടലുകളുടെ കാര്യക്ഷമതയിലും കേരളം ഒന്നാമതാണ്. ഇത് ഉദ്യോഗസ്ഥരുടെ പരിശ്രമഫലത്തിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി വി.പി ജോയ് വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹ്‌റലി, ഡി.എല്‍.ഒ കെ പ്രസാദ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.പി ജയകുമാര്‍,ഡോ.എം.സി റജില്‍, കെ. ലത, പി.എന്‍ പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date