Skip to main content

മുതിര്‍ന്ന പൗരന്‍മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്കരണ ദിനം ആചരിച്ചു ഫ്‌ളാഷ്‌മോബ് ശ്രദ്ധേയമായി

മുതിര്‍ന്നവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന സന്ദേശം പകര്‍ന്ന് ഫ്‌ളാഷ്‌മോബ്     ശ്രദ്ധേയമായി. മുതിര്‍ന്ന പൗരന്‍മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഫ്‌ളാഷ്‌മോബ് കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമായി. മുതിര്‍ന്ന രക്ഷിതാക്കളെ സംരക്ഷിക്കാത്തതും സ്വത്തിന് വേണ്ടിയുള്ള തര്‍ക്കവുമെല്ലാം ചിത്രീകരിച്ചായിരുന്ന ഫ്‌ളാഷ്‌മോബ് അരങ്ങേറിയത്. മുതിര്‍ന്നവരുടെ ക്ഷേമിത്തിനായുള്ള നിയമത്തെ കുറിച്ച് ബോധവത്കരണം നല്‍കുന്നത് കൂടിയായിരുന്നു പരിപാടി. പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളജിലെ വിദ്യാര്‍ഥികളാണ് ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചത്.

ബോധവത്കരണ ദിനാചരണം ജില്ലകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്.  ചെറുപ്പകാലത്ത് കുട്ടികളെ ചേര്‍ത്ത് നിര്‍ത്തിയ പോലെ മുതിര്‍ന്നവരെ മക്കള്‍ ചേര്‍ത്ത് പിടിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എ കരീം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം സി.വിജയലക്ഷ്മി, ജില്ലാ വയോജന കൗണ്‍സില്‍ അംഗം           പി.ശിവശങ്കരന്‍, ജില്ല സാമൂഹിക നീതി ഓഫീസര്‍ ജോസഫ് റിബെല്ലോ, സീനിയര്‍ സൂപ്രണ്ട് വിവി സതീദേവി, റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. മലപ്പുറം ഗവ. കോളജ്, ഗവ. വനിത കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ബോധവത്കരണ റാലിയും പരിപാടിയുടെ ഭാഗമായി നടന്നു.

date