Skip to main content

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍'; ജില്ലയില്‍ ബോധവത്ക്കരണ പരിപാടികള്‍ പൂര്‍ത്തിയായി

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ആദ്യ ഘട്ടമായ പൊതു ബോധവത്ക്കരണ പരിപാടി ജില്ലയില്‍ നൂറ് ശതമാനം പൂര്‍ത്തിയായി. 38 ഗ്രാമപഞ്ചായത്തുകളിലും 3 നഗരസഭകളിലുമായി 4328 പേര്‍ പരിപാടികളുടെ ഭാഗമായി. ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുത്തവരില്‍ പകുതിയിലേറെ പേരും സംരംഭങ്ങളുടെ ഭാഗമാകാന്‍ താല്‍പര്യം അറിയിച്ചു. സ്ത്രീകളും ഭിന്നശേഷിക്കാരും നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികളുമെല്ലാം സംരംഭകരാകാനെത്തി.
ജില്ലയില്‍ സുലഭമായ നേന്ത്രക്കായ, കവുങ്ങിന്‍ പാള, ചെങ്കല്ല് എന്നിവയില്‍ നിന്നും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളൊരുക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. മൂന്ന് മാസത്തിനകം ജില്ലയില്‍ 200 ഓളം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ പറഞ്ഞു.

ഗ്രാമീണ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഉറപ്പ് നല്‍കി തദ്ദേശ സ്ഥാപനങ്ങള്‍
'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതിയുടെ ഭാഗമായി ആരംഭിക്കാനിരിക്കുന്ന ഗ്രാമീണ വ്യവസായപാര്‍ക്കുകള്‍ക്ക് സ്ഥലം ഉറപ്പുനല്‍കി ഗ്രാമപഞ്ചായത്തുകള്‍. പുല്ലൂര്‍ പെരിയ, മടിക്കൈ, ബേഡഡുക്ക, കയ്യൂര്‍ ചീമേനി, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകളാണ് സ്ഥലം ഉറപ്പ് നല്‍കി രംഗത്തെത്തിയത്.
 അടുത്ത ഘട്ടം വായ്പാമേള
രണ്ടാം ഘട്ടമായി വായ്പാമേളയും മൂന്നാം ഘട്ടമായി ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ ശരിയാക്കി സംരംഭങ്ങള്‍ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ 50 മുതല്‍ 250 വരെ സംരംഭങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് വ്യവസായ വകുപ്പ് മുന്നോട്ട് പോകുന്നത്. ഗ്രാമീണ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുക, അതാത് പ്രദേശത്തെ വിഭവങ്ങള്‍ക്കും ജനങ്ങള്‍ക്കും അനുസൃതമായ സംരംഭങ്ങള്‍ കണ്ടെത്തുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് ഇന്റേണുകള്‍ നടത്തുക. അഭ്യസ്ഥവിദ്യരായ സംരംഭകര്‍ക്ക് പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നും തിരികെയെത്തിയവരെയും സംഘങ്ങളെയും സംരംഭങ്ങളിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിക്ക് മാത്രമായി ഏഴ് പുതിയ സ്‌കീമികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളമുള്ളവര്‍ക്ക്  ലോണ്‍, ലൈസന്‍സിങ്, സബ്സിഡി  മേളകള്‍ നടത്തും. സംരംഭങ്ങളുടെ സ്വാഭാവം പരിഗണിച്ച് 20 മുതല്‍ 40 ശതമാനം വരെ സബ്സിഡി ലഭിക്കും.
ജില്ലയില്‍ 6000 സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വ്യവസായ വകുപ്പ് നിയമിച്ച് വകുപ്പിന്റെ പരിശീലനം ലഭിച്ച 45 ഇന്റേണുകള്‍ പ്രവര്‍ത്തിച്ചു വരികയാണ്. സംരംഭങ്ങള്‍ ആരംഭിക്കാന്‍ തയ്യാറായവര്‍ക്ക് ഇന്റേണുകളെ സമീപിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാം. ജില്ലയിലെ വ്യവസായ പാര്‍ക്കുകളില്‍ സ്ഥലം ആവശ്യപ്പെടുന്നവര്‍ക്ക് അനുവദിക്കുമെന്നും  കൂടുതല്‍ സംരംഭകര്‍ പദ്ധതിയുടെ ഭാഗമാകണമെന്നും ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ പറഞ്ഞു.

date