Skip to main content

എരിക്കുളം ഗവ. ഹോമിയോ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

മടിക്കൈ എരിക്കുളം ഗവ. ഹോമിയോ ഡിസ്പെന്‍സറിക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ തറക്കല്ലിട്ടു. ഇ.ചന്ദ്രശേഖരന്‍ എംഎല്‍എയുടെ 2021-22 വര്‍ഷ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവിട്ടാണ്  പുതിയ കെട്ടിടം ഒരുങ്ങുന്നത്. അത്യാഹിത വിഭാഗം, മികച്ച ഒ.പി സൗകര്യം, മികച്ച ഓഫിസ് സൗകര്യം, നിരീക്ഷണ മുറി, പരിശോധനാ മുറി, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ടോയ്ലറ്റ് സൗകര്യം എന്നിവ പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. ഭാവിയില്‍ യോഗ സെന്ററും ആശുപത്രിയില്‍ അനുവദിക്കും. ജില്ലയിലെ മാതൃക ഹോമിയോ ഡിസ്പെന്‍സറികളില്‍ ഒന്നാണ് എരിക്കുളം ഗവ. ഹോമിയോ ഡിസ്പെന്‍സറി. 2022-23 വര്‍ഷത്തില്‍ ആയുഷ് വെല്‍നസ് സെന്ററായി ഉയര്‍ത്തുന്ന ഡിസ്പെന്‍സറി കൂടിയാണെന്ന പ്രത്യേകത കൂടിയുണ്ട്.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ ലഭ്യമാകുമെന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു. നിശ്ചയിക്കപ്പെട്ട സമയത്ത് കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണം. അനുവദിച്ച ഫണ്ട് യഥാസമയം വിനിയോഗിക്കണം. സര്‍ക്കാര്‍ ഫണ്ട് കൂടുതലായി അനുവദിക്കുന്നത് ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കുമാണ്. ആരോഗ്യ രംഗത്ത് കേരളം മികച്ച മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ ) ഡോ. ഐ.ആര്‍.അശോക കുമാര്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, മടിക്കൈ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. സത്യ പഞ്ചായത്തംഗങ്ങളായ എം.രജിത, പി.പി.ലീല, എച്ച്എംസി അംഗം കെ.ശാര്‍ങധരന്‍, എം.ഷാജി എന്നിവര്‍ സംസാരിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍ സ്വാഗതവും മെഡിക്കല്‍ ഓഫിസര്‍ ഡോ. സി.കെ.വിപിന്‍ രാജ് നന്ദിയും പറഞ്ഞു.

date